തിരുവനന്തപുരം: ലോകായുക്താ നിയമഭേദഗതിക്ക് അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തിഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കുകയായിരുന്നു.
ഓർഡിനൻസിൽ ഒപ്പ് വെച്ചതോട് കൂടി മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാൻ സാധിക്കും. ഓർഡിനൻസ് ഒപ്പിടാതിരിക്കുന്ന സാഹര്യം ഉണ്ടായിരുന്നുവെങ്കിൽ നിയമസഭ ചേരുന്നതിന് തടസം വരുമായിരുന്നു.
ഭരണഘടനാ വിരുദ്ധമായ ചില അധികാരങ്ങൾ ലോകായുക്തയ്ക്കുണ്ട് എന്ന വാദം ഉയർത്തിയാണ് സർക്കാർ ഇത്തരം ഒരു ഓർഡിനൻസിലേക്ക് നീങ്ങിയത്. അല്ലാതെ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒരു തീരുമാനം അല്ല എന്ന് ഗവർണറെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ബോധ്യപ്പെടുത്തി.
ലോകായുക്തയുടെ വിധി തള്ളാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസ് സർക്കാർ അയച്ചിട്ട് രണ്ടാഴ്ചയായെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. ഓർഡിനൻസിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ വിശദീകരണം ചോദിച്ചിരുന്നു. സർക്കാർ മറുപടിയും നൽകിയിരുന്നു. അമേരിക്കയിലെ ചികിത്സയും ഒമ്പതുദിവസത്തെ യു.എ.ഇ. പര്യടനവും കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച വൈകുന്നേരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിക്കുകയും വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഗവർണർ ലോകായുക്ത ഓർഡിനൻസിൽ ഒപ്പു വെക്കുകയായിരുന്നു.
അഴിമതിക്കേസിൽ മന്ത്രിമാർ മാറിനിൽക്കണമെന്ന് ലോകായുക്ത വിധിച്ചാൽ അത് തള്ളാനുള്ള അധികാരം സർക്കാരിന് നൽകുന്നതാണ് പ്രധാന ഭേദഗതി. എന്നാൽ ലോകായുക്തയുടെ മുന്നിലുള്ള കേസുകളിൽനിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രക്ഷപ്പെടാനാണ് ഭേദഗതിയെന്ന് ആരോപിച്ച് പ്രതിപക്ഷം എതിർത്തിരുന്നു.
Content highlights: GovernorArif Mohammad Khan signed Lokayukta ordinance