മകന്റെ കൂടെ തായ്ലാൻഡിൽ പോയപ്പോൾമുതൽ കൂടെ കൂടിയ ആഗ്രഹമാണ്. അവിടെ കടലിന്റെ നടുവിൽ ഒരു ഗുഹ കാണ്ടിരുന്നു. ഒരു ഭാഗത്ത് നിന്ന് കയറി പോയി മറു ഭാഗത്ത് ചെന്നവസാനിക്കുന്ന രീതിയിലായിരുന്നു അത്. അത് കണ്ടപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ്. അതു പോലെ ഒന്ന് ഇവിടെയും വേണമെന്ന്. ഒടുവിൽ അത് യാഥാർത്ഥ്യമായി.
വീടിന് മുറ്റത്ത് ഒരു തുരങ്കം എന്ന ആഗ്രഹം ലക്ഷ്യം കണ്ടതിന്റെ ആത്മനിർവൃതിയോടെ തോമസേട്ടൻ ചിരിക്കുകയാണ്.
തായ്ലാൻഡിൽ കണ്ട ഗുഹ അത് കാസർഗോഡിലെ തന്റെ വീടിന്റെ മുറ്റത്തും വേണം എന്ന അതിയായ ആഗ്രഹമാണ് തോമസേട്ടനെ 26 മീറ്റർ നീളമുള്ള ഗുഹ തുരക്കാൻ പ്രേരിപ്പിച്ചത്. വെറും ആറ് മാസം കൊണ്ടാണ് ആ ആഗ്രഹം 69 വയസുകാരനായ പെരുവാമ്പദ്വീപിലെ ചെരിയപ്പുറത്ത് തോമസ് സാധ്യമാക്കിയത്.
2021 മാർച്ച് മാസത്തിലാണ് തുരങ്കത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. വീടിന് മുറ്റത്തുള്ള സ്ഥലം തന്നെയാണ് തുരങ്കം വെട്ടാനായി അദ്ദേഹം തിരഞ്ഞെടുത്തത്, റബർ വെച്ച കുന്നിന്റെ ചെരുവിലായി നിൽക്കുന്ന വീടിന് മുന്നിലെ സ്ഥലം. ലോക്ക് ഡൗൺ സമയത്ത് എല്ലാവരും വീട്ടിൽ അടച്ചിടപ്പെട്ട നാളുകളിൽ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ, 14 മണിക്കൂറോളം ജോലി ചെയ്താണ് തോമസേട്ടൻ 26 മീറ്റർ നീളമുള്ള തുരങ്ക പാത നിർമ്മിച്ചത്.
തുരങ്കത്തിൽ ഇരുട്ടല്ലേ? രാത്രിയും പകലും ഒക്കെ ഒരു പോലെയല്ലേ? അതോണ്ട് രാത്രിയും പകലും നിരന്തരം പണിയെടുത്തു. ടോർച്ച് വെളിച്ചത്തിൽ 14 മണിക്കൂറോളം ദിവസവും ജോലി ചെയ്തു. വെറുതെ ഇരിക്കുന്ന പരിപാടി ഇല്ല. കൃഷിക്കാരൻ ആയത് കൊണ്ട് തന്നെ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കണം. തോമസേട്ടൻ പറയുന്നു.
ഒരു തുരങ്കം നിർമ്മിക്കുന്നതിൽ ഇത്രമാത്രം അത്ഭുതപ്പെടാൻ എന്തിരിക്കുന്നു എന്നായിരിക്കും. എന്നാൽ 26 മീറ്ററോളം ദൈർഘ്യമുള്ള ഈ തുരങ്കം നിർമ്മിച്ചത് തോമസേട്ടൻ ഒറ്റക്കായിരുന്നു. പിക്കാസ് കൊണ്ട് കിളച്ചതും തൂമ്പയിൽ മണ്ണു കോരിയതും വാഹനങ്ങളൊന്നുമുപയോഗിക്കാതെ ഉന്തു വണ്ടിയിൽ മണ്ണെടുത്ത് കളഞ്ഞതും എല്ലാം ഒറ്റക്ക്. വേറൊരാളുടേയും സഹായമില്ലാതെ ഇത്രയും വലിയൊരു തുരങ്കം വീട്ടുമുറ്റത്ത് നിർമ്മിച്ചു ആളുകളുടെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. വീടിന്റെ മുന്നിൽനിന്ന് തുടങ്ങുന്ന, ഒരാൾ പൊക്കമുള്ള തുരങ്കപാത അവസാനിക്കുന്നത് വീടിന്റെ അടുക്കളവശത്താണ്. തുരങ്കപാതയ്ക്കകത്ത് രണ്ട് കവാടങ്ങളും പണിതിട്ടുണ്ട്. ആ രണ്ട് കവാടങ്ങളും വീണ്ടും തുരക്കുവാനുള്ള ശ്രമത്തിലാണ് കർഷകനായ തോമസേട്ടൻ.
മഴക്കാലത്തായിരുന്നു തുരക്കാൻ കൂടുതൽ സൗകര്യം. ഭൂരിഭാഗം ജോലിയും തീർത്തത് മഴയുള്ള സമയത്തായിരുന്നു. മഴയുള്ളപ്പോൾ തുരങ്കത്തിൽ ഉറവ ഉണ്ടാവാറുണ്ട്. ആ സമയങ്ങളിൽ രണ്ടടിയോളം വെള്ളം ഉണ്ടായിരുന്നു. മണ്ണിടിയുമെന്നൊക്കെ കുടുംബക്കാർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തുരന്ന് തുടങ്ങിയപ്പോൾ ഓരോ ദിവസവും ചെന്ന് നോക്കും. ഇടിയുന്നുണ്ടോ എന്ന്. എന്നാൽ ഇടിയുന്നില്ല എന്ന് ഉറപ്പായപ്പോൾ ധൈര്യമായി. അത് കൊണ്ട് തലമുട്ടാതെ നടന്ന് പോകാവുന്നവീതിയിൽ തുരന്നെടുക്കുകയായിരുന്നു. ഉറപ്പുള്ള മണ്ണാണ്. മുകളിൽ നിന്ന് ഇതുവരെ റബ്ബറിന്റെ വേരുകളൊന്നും താഴേക്ക് വന്നിട്ടില്ല.
തോമസിനും ഭാര്യ സാലിക്കും രണ്ടു മക്കളാണ്. ഒരാൾ സിങ്കപ്പൂരിലും ഒരാൾ ബംഗളൂരുവിലും. സിങ്കപ്പൂരിലുള്ള മകൻ ജിസ്മോനെ കാണാനാണ് തോമസും ഭാര്യ സാലി തോമസും പോകാറുള്ളത്. നാലിലേറെ തവണ തായ്ലാൻഡിൽ പോയതായി തോമസേട്ടൻ പറയുന്നു.
കൃഷിപ്പണിക്കൊപ്പം തന്നെയാണ് തുരങ്കത്തിന്റെ ജോലിയും നടക്കുന്നത്. വെറുതെ ഇരിക്കുന്ന സ്വഭാവമില്ല. ഇനി ഒന്നും ഇല്ലെങ്കിൽ എവിടെയെങ്കിലും സഞ്ചരിക്കണമെന്ന് തോമസേട്ടൻ പറയുന്നു. ഇതിനകം തന്നെ അദ്ദേഹം, മലേഷ്യ, ഇന്ത്യോനേഷ്യ, തായ്ലാൻഡ് തുടങ്ങിയ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു കഴിഞ്ഞു.
ഇതിനിടയിൽ ഹൃദയാഘാതത്തിന്റെ ശസ്ത്രക്രിയ വേണ്ടി വന്നു. അങ്ങനെ നാല് മാസത്തോളം അദ്ദേഹം വിശ്രമത്തിലായിരുന്നു. അത് കഴിഞ്ഞ് വീണ്ടും അദ്ദേഹം തുരങ്കത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ കൃഷിപ്പണിക്കൊപ്പം തന്നെ നാല് മണിക്കൂറോളം തുരങ്കത്തിന് വേണ്ടി ചെലവഴിക്കുന്നുണ്ട്.
ഇത്തരത്തിൽ ഒരു നിർമ്മിതി ഒറ്റക്ക് ചെയ്യുക എന്ന് മാത്രമല്ല, ചെയ്യാനുള്ള ക്ഷമ വേണം, ധൈര്യം വേണം അല്ലെങ്കിൽ കുറച്ച് കഴിയുമ്പം പകുതിയിൽ ഇട്ടേച്ച് പോകും. രാത്രിയാണേലും പകലാണേലും പണി പൂർത്തിയാക്കണം എന്ന ഉറപ്പോടെയാണ് ഞാൻ ജോലി ചെയ്തത്. അതു കൊണ്ട് ആറ് മാസത്തിനുള്ളിൽ ഇത്രയും തീർക്കാൻ സാധിച്ചത്. ഇനി ബാക്കിയുള്ളത് കൂടി തീർക്കണം. 69 വയസിലാണ് ഇതിന്റെ ജോലി ആരംഭിച്ചത്. അടുത്ത മാർച്ച് ആവുമ്പോഴേക്കും ജോലി തീർക്കണം. 70 വയസിനുള്ളിൽ എല്ലാം പൂർത്തീകരിക്കണമെന്നാണ് ആഗ്രഹം.
ഇത്രേം വലിയൊരു തുരങ്കത്തിന് ചിലവ് എത്രവരും എന്നു ചോദിച്ചാൽ, പണിയായുധങ്ങൾ കാച്ചിയെടുക്കാനുള്ള ചിലവ് മാത്രമാണ് ഇതിനായി തോമസേട്ടന് ഇതുവരെ ചിലവായിട്ടുള്ളത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണ് പിക്കാസും മറ്റു പണിയായുധങ്ങളും കൊല്ലന്റടുത്ത് കൊണ്ട് പോകാറുള്ളത്. ഇതുവരെ ഇരുപതിനായിരത്തോളം രൂപ പണിയായുധങ്ങൾ കൊല്ലന്റെ അടുത്ത് ചെന്ന് കാച്ചിയെടുക്കുന്നതിന് ചിലവായി. എല്ലാം പൂർത്തിയാകുമ്പോൾ അമ്പതിനായിരത്തോളം ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് തോമസേട്ടൻ പറയുന്നു.
അറകളിൽ നിന്ന് അറകളിലേക്ക് എന്ന പോലെ പഴയകാല രാജാക്കന്മാരുടെ കൊട്ടാരങ്ങളിലെ തുരങ്കങ്ങളെ ഓർമ്മിപ്പിക്കും വിധത്തിലാണ് ഇതിന്റേയും നിർമ്മിതി. ബേക്കൽ കോട്ട സുപരിചിതമായ കുട്ടികളൊക്കെ ഇത് കണ്ട് ടിപ്പു സുൽത്താന്റെ കാലത്തെ കോട്ട പോലെ ഉണ്ടെന്നാണ് പറയുന്നതെന്ന് തോമസേട്ടൻ ചിരിച്ചു കൊണ്ട് പറയുന്നു..
ഗുഹയുടെ അകത്ത് തണുപ്പായത് കൊണ്ട് തന്നെ ആളുകളെ പ്രത്യേകം ആകർഷിക്കപ്പെടുന്നുണ്ട്. തുരങ്ക പാതകളിൽ ഇരിപ്പിടം ഒരുക്കി, കൊച്ചു തണുപ്പും ആസ്വദിച്ചിരിക്കാൻ വേണ്ടി സഞ്ചാരികൾക്കായി തുറന്നു കൊടുത്താൽ അതൊരു സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ദിവസവും നിരവധി പേരാണ് കാണാൻ വരുന്നതെന്നും എന്നാൽ വിനോദ സഞ്ചാരത്തെക്കുറിച്ചുള്ള ചിന്തകളൊന്നും ഇപ്പോൾ തനിക്കില്ലെന്നും ഇപ്പോൾ തുരങ്കത്തിന്റെ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുക എന്ന ഉദ്ദേശം മാത്രമാണെന്നുമാണ് തോമസേട്ടൻ വ്യക്തമാക്കുന്നത്.
Content Highlights: Kerala Farmer Thomas Create A Tunnel in backyard