തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതിനു പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓർഡിനൻസ് കേരളത്തിൽ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലോകായുക്തയിൽ പെൻഡിങ് ആയിരിക്കുന്ന കേസിനെ കുറിച്ച് മുഖ്യമന്ത്രിക്ക് ഇനി ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം ലോകായുക്ത കുരയ്ക്കുക മാത്രമേയുള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തി. പിണറായി വിജയൻ ഇനി മുതൽ ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത് കേരളത്തിലെ അഴിമതി വിരുദ്ധസംവിധാനം തീർത്തും ഇല്ലാതാക്കി, കേരളത്തിൽ അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രി എന്ന നിലയ്ക്കായിരിക്കും- സതീശൻ പരിഹസിച്ചു.
ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തുമെന്ന് പ്രതിപക്ഷത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു. അതുകൊണ്ടാണ് സർക്കാരും ഗവർണറും തമ്മിലുള്ളത് കേവലം സൗന്ദര്യപ്പിണക്കമാണെന്ന് താൻ നേരത്തെ പറഞ്ഞത്. സൗന്ദര്യപ്പിണക്കങ്ങൾ പരിഹരിക്കാനുള്ള ഇടനിലക്കാർ കേരളത്തിലുണ്ടെന്നും പ്രതിപക്ഷം സൂചിപ്പിച്ചിരുന്നെന്നും സതീശൻ പറഞ്ഞു.
എന്തുകൊണ്ടാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെച്ചത്? ഇതുവരെ ഒരു കോടതിയും ഭരണഘടനാവിരുദ്ധമാണെന്ന് പറയാത്ത ഒരു നിയമം, സർക്കാർ ഒരു സുപ്രഭാതത്തിൽ ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നു. നിയമസഭ പാസാക്കിയ ഒരു നിയമം, ഭരണഘടനാവിരുദ്ധമാണെന്ന് പറയാൻ സർക്കാരിന് അതിന് യാതൊരു അവകാശവുമില്ല. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പറയാൻ അത്
പരിശോധിക്കുന്ന ഉത്തരവാദിത്തപ്പെട്ട കോടതിക്കു മാത്രമേയുള്ളൂ എന്ന് ഗവർണറോട് പ്രതിപക്ഷം പറഞ്ഞിരുന്നു- സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ കേസ് ലോകായുക്തയിൽ പെൻഡിങ് ആയിരിക്കുമ്പോൾ അതിന്റെ പേരിൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ടുവന്നു. ഗവർണർ അതിന് കൂട്ടുനിന്നെന്നും സതീശൻ വിമർശിച്ചു. ഭേദഗതി, രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കില്ലെന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കും ഉറപ്പായിരുന്നു. അതിനാലാണ് രാഷ്ട്രപതിക്ക് അയക്കാത്തതെന്നും സതീശൻ പറഞ്ഞു.
Content Highlights: VDSatheesan criticises after governer signs Lokayukta ordinance