മഞ്ഞിനിക്കര
മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 90ാമത് ഓർമപ്പെരുന്നാളിന് മഞ്ഞിനിക്കരയില് കൊടിയേറ്റി. ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ തേവോദോസിയോസ് മാത്യൂസ്, മോർ പീലാക്സിനോസ് സക്കറിയാസ് മെത്രപോലീത്തമാർ ചേർന്ന് കൊടിയേറ്റി. മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ പള്ളിയിൽ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപോലിത്താ കൊടിയേറ്റി.
വൈകിട്ട് മോറാന്റെ കബറിടത്തിൽനിന്ന് കൊണ്ടുവന്ന പതാക ഓമല്ലൂർ കുരിശിന് തൊട്ടിയിൽ മഞ്ഞനിക്കര ദയറ തലവൻ അത്താനസിയോസ് ഗീവർഗീസ് മെത്രാപോലിത്താ ഉയർത്തി. 200 പേർക്ക് പെരുന്നാളിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനാല് മറ്റ് ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. തീർഥാടക രഥയാത്രകൾ, തീർഥാടക സംഗമം, പൊതുപരിപാടികൾ എന്നിവ ഒഴിവാക്കി. കാൽ നടയായും വാഹനത്തിലും എത്തുന്ന തീർഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ദയറാ തലവനും പെരുന്നാൾ കമ്മിറ്റി ചെയർമാനുമായ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപോലിത്താ അറിയിച്ചു.
ഒമ്പതിന് വൈകിട്ട് ആറിന് ജീവകാരുണ്യ പ്രവർത്തനങ്ങള് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നിർധനരായ 90 പേര്ക്ക് ഭക്ഷ്യസാധനവും വസ്ത്രവും നൽകും. 11, 12 തീയതികളിലാണ് പ്രധാന പെരുന്നാൾ.