കൊല്ലം > ‘ഞാൻ പെപ്പയുടെ കുഞ്ഞ് ആരാധികയാണ്. കൊല്ലം പാർത്ഥാ തിയേറ്ററിൽ പെപ്പെ വന്നപ്പോൾ തിരക്ക് കാരണം എനിക്ക് പെപ്പയെ കാണാൻ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു…’ വരയിട്ട നോട്ടുബുക്കിലെ ഒരു പേജ് കീറി കുഞ്ഞു നവമി എഴുതിയ കത്ത് ഇപ്പോള് വൈറലാണ്.
ഇനി കൊല്ലത്തുവരുമ്പോൾ എന്തായാലും നമ്മുക്ക് കാണാം നവമിക്കുട്ടി എന്നൊരു അടിക്കുറിപ്പോടെ പെപ്പെ (ആന്റണി വർഗീസ്) തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ സ്റ്റാറായിരിക്കുകയാണ് കൊല്ലം പെരുമൺ എൽപിഎസിലെ മൂന്നാം ക്ലാസുകാരി നവമി എസ് പിള്ള. പെരുമൺ സ്വദേശിയായ അനൂപിന്റെയും സ്വാതി എസ് പിള്ളയുടെയും മകളാണ്.
അങ്കമാലി ഡയറീസ് ഉള്പ്പെടെയുള്ള സിനിമ കണ്ടിട്ടാണ് നവമിക്ക് പെപ്പയോട് ആരാധന തുടങ്ങിയതെന്ന് അനൂപ് പറയുന്നു. “നേരിട്ട് കണ്ടപ്പോഴാണ് തീവ്രമായത്. അജഗജാന്തരം കാണാൻ പോയപ്പോ സിനിമയുടെപ്രമോഷനുമായി ബന്ധപ്പെട്ട് പെപ്പെ എത്തിയിരുന്നു. പെപ്പെയെ ദൂരെ നിന്നുകണ്ടു. പെപ്പെയെ അടുത്ത് കാണാനും ഫോട്ടോയെടുക്കാനും പറ്റിയില്ലെന്ന സങ്കടം അന്ന് തൊട്ടേ പറയുന്നുണ്ടായിരുന്നു. സ്കൂളിൽ കൂട്ടുകാരുമായി കത്തെഴുത്തും കാർഡ് കൈമാറ്റവും ഒക്കെയുണ്ട്. അതാണ് പെപ്പെയ്ക്ക് കത്തെഴുതാൻ മോള്ക്ക് തോന്നിയത്.
പോസ്റ്റൽ അഡ്രസ് ഗൂഗളിൽ നിന്ന് കിട്ടിയില്ല. കുറെ ദിവസമായി ഈ ലെറ്റർ എഴുതി വച്ചിരിക്കുകയായിരുന്നു. നമ്മള് കാര്യമായെടുത്തില്ല. ഭാര്യയുടെ കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ഭർത്താവ് വഴിയാണ് പെപ്പയുടെ നമ്പർ കിട്ടിയത്. അമ്മയുടെ വാട്സാപ്പിൽ നിന്ന് നവമി തന്നെയാണ് കത്ത് വാട്സാപ്പ് ചെയ്തത്’. കത്തുകണ്ടപ്പോള് തിരിച്ച് ഫോൺ കോള് വന്നു. ” വിളിക്കുന്നയാള് എന്നോട് പറഞ്ഞത് പെപ്പയുടെ കൂട്ടുകാരൻ എന്നാണ്. പക്ഷേ അത് പെപ്പെ തന്നെയായിരുന്നു. എനിക്കുറപ്പാ’. നവമി ആവേശത്തോടെ പറഞ്ഞു. അങ്കമാലി കണ്ടിട്ടുണ്ട്. അജഗജാന്തരമാണ് കൂടുതലിഷ്ടം. പെപ്പെ ഫെയ്സ്ബുക്കിൽ കത്തിട്ടപ്പോ കുറെ പേർ അഭിനന്ദനമൊക്കെ പറഞ്ഞു’.
നവമിയുടെ വൈറൽ കത്ത്
ഞാൻ നവമി. കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ അജഗജാന്തരം സിനിമ കാണാൻ പോയപ്പോൾ കൊല്ലം പാർത്ഥാ തിയേറ്ററിൽ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പയെ കാണാൻ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിനകത്തെ ഒള്ളുള്ളേരു പാട്ട് അടിപൊളി. പെപ്പെയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ്. കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പെയെ കാണാൻ കൊണ്ടുപോകാമെന്ന് വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഞാൻ പെപ്പയുടെ കുഞ്ഞ് ആരാധികയാണ്. പെരുമൺ എൽപിഎസ് മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാർക്ക് വളരെ ആഗ്രഹമാണ് പെപ്പയെ കാണണമെന്ന്. ഒരു പാട് സ്നേഹത്തോടെ നവമി എസ് പിള്ള.