തിരുവനന്തപുരം > സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും കൽപിത മെഡിക്കൽ സർവകലാശാലകളിലെയും അമ്പത് ശതമാനം എംബിബിഎസ്, പിജി സീറ്റിൽ ഗവ. ഫീസേ പാടുള്ളൂ എന്ന ദേശീയ മെഡിക്കൽ കമീഷൻ (എൻഎംസി) മാർഗരേഖ നടപ്പായാൽ കേരളത്തിൽ 1200 എംബിബിഎസ് സീറ്റിൽകൂടി ഗവ. ഫീസാകും.
19 സ്വാശ്രയ മെഡിക്കൽ കോളേജിലെ 1150 സീറ്റും കൽപ്പിത മെഡിക്കൽ സർവകലാശാലയിലെ 50 സീറ്റും മെറിറ്റിലേക്ക് മാറും. ഈ സീറ്റിൽ 27,580 രൂപയാകും വാർഷിക ഫീസ്. സ്വാശ്രയ സ്ഥാപനത്തിലെ പകുതി എംബിബിഎസ്, പിജി സീറ്റിൽ അതത് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിലെ ഫീസേ ഈടാക്കാവൂ എന്നാണ് എൻഎംസി മാർഗരേഖ. എന്നാൽ, എന്നുമുതൽ ഇത് പ്രാബല്യത്തിലാകുമെന്ന് മാർഗരേഖയിൽ വ്യക്തമാക്കിയിട്ടില്ല. അടുത്ത വർഷംമുതൽ നടപ്പാക്കുമെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ബാക്കി പകുതി സീറ്റിൽ സംസ്ഥാന ഫീ റഗുലേറ്ററി അതോറിറ്റി നിശ്ചയിക്കുന്ന ഫീസ് ഈടാക്കാം.
സ്ഥാപനങ്ങളുടെ ചെലവ് കണക്കിലെടുത്ത് ഫീസ് നിശ്ചയിക്കണം. എന്നാൽ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 50 ശതമാനം മെറിറ്റ് സീറ്റിൽ സർക്കാരാണോ പ്രവേശനം നടത്തേണ്ടതെന്നകാര്യം വ്യക്തമാക്കിയിട്ടില്ല.
കൽപ്പിത സർവകലാശാലകളിലെ 50 ശതമാനം സീറ്റും സർക്കാർ ഫീസിൽ പഠിപ്പിക്കണം. ഇവിടെയും പ്രവേശനം നിയന്ത്രിക്കേണ്ടത് സർക്കാരെന്ന് പറഞ്ഞിട്ടില്ല.
അമിത ഫീസ് തടയാൻ26 നിർദേശം
ഗവ. ഫീസിന് പുറമേ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റിലെ അമിത ഫീസ് തടയാൻ 26 നിർദേശം പുറത്തിറക്കി. തലവരിപ്പണം പാടില്ല. ലാഭേച്ഛയോടെ പ്രവർത്തിക്കരുത്. ആശുപത്രി നിർമാണം മുതൽ അധ്യാപകരുടെ ശമ്പളം വരെയുള്ളവ പ്രവർത്തനച്ചെലവിൽ ഉൾപ്പെടുത്താം. ഓരോ വർഷവും വരവ്–-ചെലവു കണക്ക് ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കണം. ആശുപത്രിയുടെ ചെലവ് സ്ഥാപനത്തിന്റെ ചെലവിൽ ഉൾപ്പെടുത്തരുത് തുടങ്ങിയവയാണ് നിർദേശം.