തിരുവനന്തപുരം: മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. അതേ സമയം കെ.ടി.ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നും അവർ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
പി.ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. ഒരു വിദേശകാര്യാലയത്തിൽ ഒരു ഇന്ത്യൻ സ്ത്രീ ജോലി ചെയ്യുമ്പോൾ അത് ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്തയാളാണോ സ്പീക്കർ സ്ഥാനാത്തിരുന്നതെന്ന് സ്വപ്ന ചോദിച്ചു. സ്വപ്ന ഡിപ്ലോമാറ്റ് ആണെന്നാണ് താൻ കരുതിയിരുന്നതെന്ന് ശ്രീരാമകൃഷ്ണന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
പി.ശ്രീരാമകൃഷ്ണൻ എന്റെ വീട്ടിൽ പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉറപ്പായിട്ടും അറിയാം ഞാൻ ഡിപ്ലോമാറ്റ് അല്ല എന്നത്. എനിക്കറിയില്ല എന്തിനാണ് കള്ളം പറയുന്നതെന്ന്. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് ശിവശങ്കറിനെ കുറിച്ച് മാത്രമാണ്. മറ്റുള്ളവരൊന്നും അത്ര അടുത്തവരല്ല. ഞാൻ ആരേയും എന്റെ ഒരു ആവശ്യത്തിന് വേണ്ടി മന്ത്രിയേയോ എംഎൽഎയെയോ ഒരു അധികാരികളേയും വിളിച്ചിട്ടില്ല സ്വപ്ന പറഞ്ഞു.
Read..എനിക്ക് എല്ലാം ശിവശങ്കറായിരുന്നു, എല്ലാം അദ്ദേഹത്തിനറിയാം, ശബ്ദസന്ദേശം തിരക്കഥയുടെ ഭാഗം-സ്വപ്ന ……
ബെംഗളൂരുവിലേക്ക് കടന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് സ്വപ്നയുടെ മറുപടി ഇതായിരുന്നു, സരിത്തിനെയാണ് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്തത്. ജൂലായ് അഞ്ചിനായിരുന്നു അത്. അന്ന് ഉച്ചയ്ക്ക് ശേഷം ഒരാളുമായും ഞാൻ ബന്ധപ്പെട്ടിട്ടില്ല. അവസാനമായി ഞാൻ സംസാരിച്ചത് ശിവശങ്കറുമായിട്ടാണ്. സരിത്തിനെ അറസ്റ്റ് ചെയ്തതിന് ശേഷം അവന്റെ വീട്ടിലേക്ക് ഞാൻ പോയിരുന്നു. അവന്റെ വീട്ടിലെ സ്ഥിതിഗതികൾ മോശമായിരുന്നു. മാതാപിതാക്കൾ സുഖമില്ലാത്തവരാണ്. ഈ സമയം കസ്റ്റംസ് എന്നോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ തയ്യാറെടുത്തതായിരുന്നു. അപ്പോഴാണ് ശിവശങ്കർ വിളിച്ച് പോകരുതെന്ന് ആവശ്യപ്പെട്ടത്.
ആദ്യം മുൻകൂർ ജാമ്യം എടുക്കണം. അവർ സമൻസ് അയക്കാതെ പോകേണ്ടകാര്യമില്ലെന്നും അദ്ദേഹം ഉപദേശിച്ചു. ഇതോടെയാണ് കൊച്ചിയിലേക്ക് പോയത്. പോകുന്ന വഴിക്ക് എന്റെ ഫോൺ എല്ലാം സന്ദീപ് എടുത്തു. പിന്നീട് സന്ദീപും ശിവശങ്കറും എന്റെ ഭർത്താവായിരുന്ന ജയശങ്കറും നൽകുന്ന നിർദേശമനുസരിച്ചാണ് ഞാൻ ബെംഗളൂരുവരെ എത്തിയത്. മുൻകൂർ ജാമ്യത്തിനായി കൊച്ചിയിലെ ഒരു വക്കീലിന്റെ വീട്ടിലെത്തി അർദ്ധരാത്രി വക്കാലത്ത് ഒപ്പിട്ടുകൊടുത്തു. പിന്നീടുള്ള ഒരു കാര്യങ്ങളും എനിക്കറിയില്ലായിരുന്നു. എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു.
ശിവശങ്കറിന്റെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായിട്ടാണ് എൻഐഎയെ കൊണ്ടുവരുന്നത്. തീവ്രവാദ ബന്ധത്തിൽ കുടുക്കി കുറച്ച് നാൾ സ്വപ്ന മിണ്ടില്ലെന്ന് ശിവശങ്കർ കരുതി.
എന്റെ എല്ലാ ദിവസവും പത്ത് ഗുളികകളിലാണ് തുടങ്ങുന്നതും പത്ത് ഗുളികകളിലാണ് അവസാനിക്കുന്നതും. ജയിലിൽ വെച്ച് എനിക്ക് ഹൃദയസ്തംഭനമുണ്ടായി. ശിവശങ്കർ ബലിയാടായി എന്ന് എങ്ങനെയാണ് പറയുക. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അധികാരം തിരിച്ചുകിട്ടി. സസ്പെൻഷനിലായപ്പോൾ കുറച്ച് വിശ്രമം കിട്ടി. അപ്പോൾ അദ്ദേഹം ഒരു പുസ്തകം എഴുതി. തുറന്നുപറയാൻ ആഗ്രഹിക്കുന്ന വ്യക്തി എല്ലാം അങ്ങോട്ട് തുറന്നുപറയണം.
വിമാനത്താവളത്തിൽ ബാഗേജുക വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ ശിവശങ്കർ സഹായം നൽകിയിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
Content Highlights : Swapna Suresh revealed that she had a close relationship with former SpeakerP. Sreeramakrishnan