ദേവികുളം: ജാതി നോക്കി കളിച്ചത് സിപിഐഎം ആണെന്ന എസ് രാജേന്ദ്രൻ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി എംഎം മണി. ബ്രാഹ്മണൻ ആയതുകൊണ്ടല്ല, എസ്.സി. വിഭാഗക്കാരൻ ആയതു കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയത്. പത്രസമ്മേളനം നടത്തിയാൽ പാർട്ടിക്കും കൂടുതൽ പറയേണ്ടിവരുമെന്ന് എംഎം മണി പ്രതികരിച്ചു.
ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് സിപിഎം ആണെന്നായിരുന്നു മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ ആരോപണം. ജാതി വിഷയം ചർച്ചയാക്കിയത് പാർട്ടിയാണ്, തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം കാലങ്ങളായി നടക്കുന്നതായും രാജേന്ദ്രൻ ആരോപിച്ചിരുന്നു.
പാർട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. പ്രമുഖർക്കൊപ്പം പടം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. പാർട്ടിയോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചു. നൂറ് ശതമാനം ശരിയാകാൻ ആർക്കുമാകില്ല. ജില്ല നേതാക്കൾ തനിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകുമെന്ന് കരുതുന്നില്ല. പാർട്ടി നടപടിക്ക് പിന്നിൽ എം.എം മണി ആണോ എന്ന് ഇപ്പോൾ പറയുന്നില്ല. കാലം അതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രന്റെ സസ്പെൻഷൻ കഴിഞ്ഞദിവസം സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പാർട്ടി വിരുദ്ധ നടപടികളെ തുടർന്നാണ് സസ്പെൻഷനെന്നു സി.പി.എം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്ഥാനാർത്ഥി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ടായിട്ടുണ്ട്.
Content Highlights :MM Mani response to S Rajendrans allegations about CPIM