തിരുവനന്തപുരം: എം ശിവശങ്കറിന്റെ ആത്മകഥ ബൂമറാങ് ആയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണക്കടത്തിൽ സർക്കാരിനെ വെള്ളപൂശാനുള്ള എല്ലാ ശ്രമങ്ങളും തിരിച്ചടിച്ചെന്നും ബി ജെ പി ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയായെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ ശിവശങ്കരൻ എവിടേയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. കസ്റ്റംസും എൻഫോഴ്സ്മെന്റും കോടതിയിൽ സമർപ്പിച്ചിരിക്കുന്ന എല്ലാ കുറ്റപത്രങ്ങളും ശിവശങ്കർ കുറ്റത്തിലേർപ്പെട്ടു എന്നാണ് പറഞ്ഞിട്ടുള്ളത്. ഗൂഢാലോചന നടത്തിയത് ശിവശങ്കർ ആണെന്നാണ് പറഞ്ഞിട്ടുള്ളത്. ശിവശങ്കർ അറിയാതെ സ്വർണക്കടത്ത് നടക്കില്ല. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ശിവശങ്കർ. ഐ എ എസ് പദവിയിലിരുന്ന് ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്നും സ്വർണക്കടത്തിൽ ഇടപെട്ട ശിവശങ്കറിനെ പിരിച്ചുവിടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശിവശങ്കറിന്റെ പുസ്തകത്തിന് പിന്നാലെ ജയിലിൽ മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ ഡി ഉദ്യോഗസ്ഥന്മാർ ഭീഷണിപ്പെടുത്തുവെന്ന് പറയിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞത് പുതിയ വെളിപ്പെടുത്തലാണ്. കൂടാതെ ബാംഗ്ലൂരിലേക്ക് കടക്കാൻ എല്ലാ സഹായവും ചെയ്തു, നിരവധി തവണ കസ്റ്റംസിനെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ വിളിച്ചിരുന്നു, കള്ളക്കടത്തിന് ശേഷം ശിവശങ്കർ ഉൾപ്പെടെയുള്ളവർ ഒന്നിച്ചിരുന്നാണ് കാര്യങ്ങൾ തീരുമാനിച്ചത് എന്നതടക്കം നിരവധി പുതിയ വെളിപ്പെടുത്തലുകളാണ് സ്വപ്ന ഇപ്പോൾ നടത്തിയിരിക്കുന്നത്.
ബി ജെ പി ആരോപണങ്ങൾ ഉന്നയിച്ച മന്ത്രിമാരും ഔദ്യോഗിക സ്ഥാനങ്ങളിലിരുന്നവരും സ്വപ്നയുമായി പലതലവണ ബന്ധപ്പെടുകയും എല്ലാ തരത്തിലുള്ള ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസിൽ ഇപ്പോൾ ശിവശങ്കരന്റെ പുസ്തകവും സ്വപ്നയുടെ വെളിപ്പെടുത്തലുമെല്ലാം കേസിന്റെ തുടക്കം മാത്രമാണ്. സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാൻ നടത്തിയ നിരവധി ശ്രമങ്ങൾ പുറത്തുവരേണ്ടതായുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ ഗൗരവമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ഉപയോഗിച്ചു എന്നത് പ്രധാനമാണ്. കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ചില മാധ്യമപ്രവർത്തകരേയും സർക്കാർ ഉപയോഗിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Content Highlights:K Surendran against M Sivasankar and government on Gold smuggling case