രാഷ്രീയക്കാർ സാധാരണ ഗതിയിൽ ചുളിയാത്ത വെള്ള ഖദർ വസ്ത്രമിട്ട് പ്രചാരണ മുദ്രാവാക്യങ്ങൾ വിളിക്കുകയും മറ്റും ചെയ്യുന്നതാണ് നമുക്ക് സുപരിചിതമെങ്കിൽ ആന്ധ്രാ പ്രദേശിലെ നിലവിലെ മുഖ്യമന്ത്രി വ്യത്യസ്തനാണ്. സാഹസീക പ്രിയനായ ജഗൻ മോഹന്റെ ഒരു വിഡിയോയാണ് ഇപ്പൊൾ വൈറലാവുന്നത്.
ജീൻസും ടിഷർട്ടും ധരിച്ച് തന്റെ പരിശീലകൻ തന്റെ അരികിൽ നിൽക്കുന്ന ആന്ധ്രാ മുഖ്യമന്ത്രിയാണ് വീഡിയോയുടെ തുടക്കത്തിൽ. സാധാരണ ബൻജീ ജമ്പിങ് ചെയ്യുന്നവർക്കുള്ള പേടിയോ പരിഭ്രമമോ ഇല്ലാതെ തികച്ചും ശാന്തനായി ക്യാമറയിലേക്ക് നോക്കുകയും കൈ വീശുകയും ചെയ്യുന്നുണ്ട് ജഗൻ മോഹൻ.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പരിശോധിച്ച ശേഷം പരിശീലകൻ ജഗൻ മോഹനെ തള്ളുന്നത് വിഡിയോയിലുണ്ട്. അപ്പോഴും ശാന്തനായി ചാട്ടം ആസാദിക്കുകയാണ് ആന്ധ്രാ മുഖ്യമന്ത്രി. പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതും താഴെ ഒരു നദി ഒഴുകുന്നതും ബൻജീ ജമ്പിങ്ങിന്റെ ഭീകരത വെളിപ്പടുത്തുന്നു. ഒടുവിൽ താഴെ നദിയിൽ ക്രമീകരിച്ച വഞ്ചിയിൽ ജഗൻ മോഹൻ സുരക്ഷിതമായി എത്തുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വൈഎസ് ജഗൻ ഹോളിക് എന്ന അക്കൗണ്ടാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. യഥാർത്ഥത്തിൽ ഈ വീഡിയോ പുതിയതല്ല. 2018ൽ ജഗൻ മോഹൻ തന്റെ കുടുംബത്തോടൊപ്പം ന്യൂസിലാന്റിൽ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ പകർത്തിയതാണ് ഈ വീഡിയോ. കവരൗ ബംഗി സെന്റർ എന്നാണ് ഈ സ്ഥലത്തിന്റെ പേര്. ന്യൂസീലാന്റിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്.