തിരുവനന്തപുരം > കേരളത്തിന്റെ ആവശ്യങ്ങൾക്കായി എല്ലാവരുടെയും യോജിച്ച പ്രവർത്തനം ഉറപ്പാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ബിജെപി നേതാക്കൾക്കാകണം. കേരളത്തെ അവഗണിച്ചതിനെതിരെ എംപിമാർക്ക് ഒറ്റക്കെട്ടായി പാർലമെന്റിൽ ശബ്ദം ഉയാർത്താനാകണമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എല്ലാ മേഖലയിലും കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ബജറ്റിൽ സംസ്ഥാനത്തിനായി ഒന്നുമില്ല. കേന്ദ്ര നിലപാട് തിരുത്തിക്കാൻ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തും. കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽനിന്നുള്ള സമരമുറയും പ്രചാരണ രീതികളും എൽഡിഎഫ് തീരുമാനിക്കും.
സിൽവർലൈൻ: നിലപാട് മാറ്റണം
സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും നിലപാട് മാറ്റണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. മൂൻവിധിയില്ലെന്നും, പദ്ധതി നല്ലാതാണെങ്കിൽ യോജിക്കുമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടെങ്കിലും മറ്റു കക്ഷികൾ സ്വീകരിക്കണം. സെമി സ്പീഡ് പോര, ഹൈ സ്പീഡ് വേണമെന്നാണ് കെപിസിസി പ്രസിഡന്റ് ഇപ്പോൾ വാദിക്കുന്നത്. കോൺഗ്രസ് ഇരുട്ടിൽ തപ്പുകയാണ്. നേതാക്കൾ കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കണം. പദ്ധതിക്കെതിരെ രാഷ്ട്രീയ എതിർപ്പാണുയർത്തുന്നത്. ബിജെപിയുടെ നിലപാടാണ് മുഖ്യതടസം. സംസ്ഥാനത്തിന്റെ ഉത്തമതാൽപര്യം പരിഗണിച്ച് ഇത്തരം നലപാടുകൾ തിരുത്താനാകണം. ആരുമായും ചർച്ചയ്ക്കും ആശയവിനിമയത്തിനും സർക്കാർ സന്നദ്ധമാണ്.
കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതിക്കുശേഷമാണ് പദ്ധതി തുടർനടപടികൾ ആരംഭിച്ചത്. എന്നാൽ, സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന സർവേക്കല്ലും പിഴിതുകളയുകയാണ് ചിലർ. വന്ദേ ഭാരത് പദ്ധതി കേരളത്തിൽ പ്രായോഗികമാകുകയില്ലെന്ന് ഇ ശ്രീധരനും വ്യക്തമാക്കി. കൊട്ടിഘോഷിച്ച രാജധാനി എക്സ്പ്രസിന്റെ കേരളത്തിലെ ഉയർന്ന വേഗത മണിക്കൂറിൽ 52 കിലോമീറ്ററാണ്. ഇക്കാര്യങ്ങൾ മനസിലാക്കിയുള്ള നിലപാടുകൾ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം.
സിൽവർ ലൈൻ പദ്ധതി എൽഡിഎഫ് അംഗീകരിച്ച് പ്രകടനപത്രികയിൽ അവതരിപ്പിച്ചതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ അകറ്റണമെന്നാണ് സിപിഐ അഭിപ്രായപ്പെട്ടത്. ഇത്തരം കാര്യങ്ങൾ ഉഭയകക്ഷിയായും കൂട്ടായും ചർച്ചചെയ്ത് പരിഹരിക്കുന്നതാണ് എൽഡിഎഫ് രീതീ.
ലോകായുക്ത വിധി സ്വാഗതാർഹം
കണ്ണൂർ വി സി നിയമനുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്നതായി കോടിയേരി പറഞ്ഞു. ലോകായുക്ത നിയമത്തിൽ മാറ്റം വരുത്തുന്നത് ഏതെങ്കിലും തരത്തിലുള്ള പരാതിയെ തടയാനല്ല. 2006ലെ എൽഡിഎഫ് സർക്കാരിനോട് ലോകായുക്ത നിയമം ഭേദഗതിക്ക് അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ശുപാർശ ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെങ്ങും നിലവിലില്ലാത്ത ചില വകുപ്പുകളാണ് ചുണ്ടിക്കാട്ടിയത്.
സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനാലാണ് അന്ന് നടപടി മാറ്റിയത്. പിന്നീട് പലതവണ നിയജ്ഞർ ഇതേ ശുപാർശ നൽകിയിരുന്നു. ലോകായുക്തയെ സംബന്ധിച്ച കെ ടി ജലീലിന്റെ പരാമർശം വ്യക്തിപരമാണ്. സിപിഐ എമ്മിന് അത്തരമൊരു അഭിപ്രായമില്ല. ജലീൽ പാർടി അംഗമല്ല. പാർടി വ്യകതമാക്കുന്നതാണ് പൊതു നിലപാടെന്നും കോടിയേരി പറഞ്ഞു.