തിരുവനന്തപുരം > നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും അന്താരാഷ്ട്ര യാത്രികർക്കും കോവിഡ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം പരിശോധനയും സമ്പർക്കവിലക്കും മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാം ദിവസം ആർടിപിസിആർ ചെയ്യണമെന്ന മാനദണ്ഡം മാറ്റണമെന്ന വിദഗ്ധ സമിതിയുടെ നിർദേശം യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെ ടെസ്റ്റുകൾക്ക് അന്യായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കേ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു.
ആരാധനാലയങ്ങളിൽ 20 പേർ; പൊങ്കാലയ്ക്ക് 200 പേർ
ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിൽ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണമുള്ള ഈ ഞായറാഴ്ചയും ഇത് ബാധകമാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വർഷവും പൊങ്കാലയിടുന്നത് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം.
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷൻ 85 ശതമാനവും കുട്ടികളുടെ വാക്സിനേഷൻ 72 ശതമാനവും പൂർത്തീകരിച്ചു. ജില്ലകളുടെ കാറ്റഗറിയിൽ മാറ്റം വന്നു. ‘സി’ കാറ്റഗറിയിൽ കൊല്ലം മാത്രമാണുള്ളത്. ‘ബി’ യിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ‘എ’ യിൽ. കാസർകോട് ഒരു കാറ്റഗറിയിലും ഇല്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം അനുസരിച്ചാണ് കാറ്റഗറി തീരുമാനിക്കുന്നത്.
സ്കൂളും കോളേജും തുറക്കുന്നു
ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളും ക്രഷുകളും കിൻഡർ ഗാർഡനുകളും 14ന് ആരംഭിക്കും. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.