ട്രേഡ് മി വെബ്‌സൈറ്റിൽ ഭർത്താവ് ജോൺ മക്അലിസ്റ്ററിനെ വിൽക്കാനുള്ള പരസ്യം പോസ്റ്റ് ചെയ്‌തിരിക്കയാണ് ലിൻഡ. 6.1 അടി ഉയരമുള്ള, 37 വയസ്സുള്ള ബീഫ് കർഷകൻ (ഇറച്ചിക്കായി പശു, പോത്ത് എന്നിവയെ വളർത്തുന്ന ആൾ) എന്നാണ് ഭർത്താവിന്റെ ഫോട്ടോ സഹിതമുള്ള പരസ്യത്തിന് കീഴെ ലിൻഡ കുറിച്ചിരിക്കുന്നത്. എന്താണ് ഭർത്താവിനെ ഓൺലൈൻ വെബ്‌സൈറ്റിൽ വിൽക്കാൻ വച്ചതിന് കാരണം എന്നല്ലേ? വേനലവധിക്കാലത്ത് മീൻ പിടിക്കാൻ പോകാനായി രണ്ട് കുട്ടികളെയും തന്റെ അടുക്കൽ ഏല്പിച്ച് ജോൺ കറങ്ങി നടന്നതാണ് ലിൻഡയെ പ്രകോപിപ്പിച്ചത്.
ജോണിന് മുമ്പ് നിരവധി ഉടമകൾ ഉണ്ടായിരുന്നു. എന്നാൽ ഭക്ഷണവും വെള്ളവും കൃതമായി നൽകിയാൽ ജോൺ വിശ്വസ്തനായിരിക്കുമെന്ന് ലിൻഡ പറയുന്നു. “ഇനിയും കുറച്ച് ഹൗസ് ട്രെയിനിംഗ് (ജോണിന്) ആവശ്യമാണ്, എനിക്ക് ഇപ്പോൾ അതിന് സമയമോ ക്ഷമയോ ഇല്ല,” ലിൻഡ വിവരണത്തിൽ കുറിച്ചു. വില്പന അന്തിമമാണ് എന്നും ഒരിക്കൽ വില്പന നടന്നാൽ തിരിച്ചെടുക്കില്ല, എക്‌സ്ചെയ്ഞ്ചുമില്ല എന്നും ലിൻഡ പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
“ജോൺ വേട്ടയാടാൻ ഇഷ്ടപെടുന്ന വ്യക്തിയും മീൻ പിടിക്കുന്ന ആളും ആയതിനാൽ ഇത് അസാധാരണമായ പെരുമാറ്റമല്ല. പക്ഷേ സ്കൂൾ അവധിക്കാലത്തും ഉറങ്ങേണ്ട സമയത്തും മീൻ പിടിക്കാൻ പോകുന്നത്, എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു,” ന്യൂസിലൻഡിലെ രംഗിറ്റികേയിൽ താമസിക്കുന്ന ലിൻഡ, stuff.co.nzനോട് പറഞ്ഞു.
ജോൺ തന്റെ സുഹൃത്തുക്കളിൽ നിന്ന് തന്നെ വില്പനയ്ക്ക് വച്ചിരിക്കുന്ന പരസ്യത്തെപ്പറ്റി അറിഞ്ഞു. “എനിക്ക് ആകെ ചിരിയാണ് വന്നത്,” എന്നാണ് ജോണിന്റെ പ്രതികരണം. 2019-ലാണ് ജോണും ലിൻഡയും അയർലാൻഡിൽ വച്ച് വിവാഹിതരായത്. പിന്നീട് ന്യൂസീലൻഡിലേക്ക് താമസം മാറുകയായിരുന്നു.
12 പേർ ജോണിനായുള്ള പരസ്യത്തോടെ പ്രതികരിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലേലം 100 ന്യൂസീലാൻഡ് ഡോളർ (ഏകദേശം 5,000 രൂപ) ആയി ഉയർന്നു. എന്നാൽ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിന് ട്രേഡ് മി പരസ്യം അധികം താമസമില്ലാതെ നീക്കം ചെയ്തു. അടുത്തകാലത്തായി ആദ്യമായിട്ടാണ് ഒരാൾ പങ്കാളിയെ വിൽക്കാൻ ലിസ്റ്റ് ചെയ്യുന്നത് കാണുന്നത് എന്ന് ട്രേഡ് മി പോളിസി ആൻഡ് കംപ്ലയൻസ് മാനേജർ ജെയിംസ് റയാൻ പറഞ്ഞു.