കോഴിക്കോട്: റോഡ് പ്രവൃത്തിയുടെ നിലവാരം സ്ഥലത്തെത്തി പരിശോധിക്കാൻ ഓട്ടോമാറ്റിക്ക് പരിശോധാനാ ലാബ് ഉടൻ വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജ്യണലുകളിലാണ് ഓട്ടോമാറ്റിക്ക് പരിശോധനാ ലാബ് വരുന്നത്. ഇതിനായി പ്രത്യേകം വാഹനം സജ്ജമാക്കും. ഈ വാഹനമാണ് റോഡ് പണി നടക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ സുതാര്യമാക്കാൻ പൊതുമരാമത്ത് വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. സ്വിച്ചിട്ടാൻ ഉടൻ കത്തുന്ന തരത്തിലേക്ക് വകുപ്പിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതി വർധിക്കുന്ന സാഹചര്യത്തിൽ ഫീൽഡിൽ പരിശോധന ശക്തമാക്കും. അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ആക്ഷേപമാണ് ഉയർന്ന് വരുന്നത്. തകരാത്ത റോഡ് ടാർ ചെയ്യുന്ന പരാതികളും, ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടെല്ലാം ആക്ഷേപം ഉയരുന്നുണ്ട്. ഇതിലെല്ലാം വിജിലൻസ് പരിശോധന ശക്തമാക്കും.
ഉദ്യോഗസ്ഥർ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഉണ്ടാവുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിനായി പ്രത്യേക പരിശോധനയുണ്ടാകും. ഉദ്യോഗസ്ഥർക്ക് പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലെത്താനും മറ്റും വാഹന സൗകര്യമടക്കം ഉറപ്പാക്കും. ഓരോ മണ്ഡലത്തിലും റോഡ് നിർമാണ പ്രവൃത്തി പരിശോധനയ്ക്ക് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Content Highlights :Automatic testing lab would be set up soon to check the quality of roads saysP. A. Mohammed Riyas