തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനം. ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഔദ്യോഗിക ഉത്തരവ് വന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട സി കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയിൽ 10 ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്.
ആറ്റുകാൽ പൊങ്കാല ഇത്തവണയും വീടുകൾ കേന്ദ്രീകരിച്ച് തന്നെ നടത്താനാണ് തീരുമാനം. ക്ഷേത്ര പരിസരത്ത് 200 പേരെ അനുവദിച്ചേക്കും.
അടച്ചിട്ട സ്കൂളുകൾ ഫെബ്രുവരി 14 മുതൽ തുറക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കോളേജുകൾ ഏഴ് മുതൽ തന്നെ പ്രവർത്തിക്കും.
Content Highlights :Relaxations forSunday Covid Restrictions in Kerala;Only one district in C category