കൊച്ചി
നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുമെന്ന് പ്രോസിക്യൂഷന് അറിയാവുന്നതുകൊണ്ട് മറ്റൊരു കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ദിലീപിന്റെ വാദം. ഒരാൾ വീട്ടിലിരുന്ന് പറയുന്ന കാര്യങ്ങൾ എങ്ങനെയാണ് കുറ്റമാകുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള ചോദിച്ചു. പ്രോസിക്യൂഷൻ നോവൽ രചിക്കുകയാണ്. എഫ്ഐആർ നിലനിൽക്കില്ല. ബാലചന്ദ്രകുമാർ തുടർ ആരോപണം ഉന്നയിച്ചപ്പോൾ കേസിൽ മാറ്റംവരുത്തി. ബാലചന്ദ്രകുമാർ ഒരു സാക്ഷിയല്ല. അദ്ദേഹം അന്വേഷകസംഘവുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കേസ്. ഹാജരാക്കിയ ശബ്ദരേഖ പൂർണമല്ല. ദിലീപ് പറഞ്ഞത് ശാപവാക്കുകളാണ്. ഇതിന് മറുപടിയായി ആരും ഒന്നും പറയുന്നില്ല. ശബ്ദരേഖകളിൽ കൃത്രിമം നടന്നിട്ടുണ്ട്.
ബാലചന്ദ്രകുമാർ കൈമാറിയ പെൻഡ്രൈവിൽ സംഭാഷണത്തിന്റെ ശകലങ്ങൾമാത്രമാണുള്ളത്. റെക്കോഡ് ചെയ്ത ടാബ് ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്നും സംഭാഷണം ലാപ്ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്. ആ ടാബ് എവിടെയാണ്. ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്തിനാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കുറ്റാരോപിതർ തമ്മിലല്ല എഡിജിപിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. ഈ എഫ്ഐആർ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരാണ് 2017ലെ കേസിൽ ദിലീപിനെതിരെ അന്വേഷിക്കുന്നത്. എവിടെനിന്ന് നീതി ലഭിക്കുമെന്നും ദിലീപിന്റെ അഭിഭാഷകൻ പരാമർശിച്ചു.
ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം
ഫോറൻസിക് ലാബിൽ പരിശോധിക്കും
ദിലീപിന്റെ ഫോണുകൾ വിദഗ്ധപരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയക്കാൻ ആലുവ മജിസ്ട്രേട്ട് കോടതിയുടെ തീരുമാനം. ഫോണിന്റെ അൺലോക്ക് പാറ്റേൺ കോടതിയിൽ തന്നെ പരിശോധിക്കണമെന്ന അന്വേഷകസംഘത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. പാറ്റേൺ പരിശോധിക്കാതെ അയക്കുന്നത് ഫലം ലഭിക്കാൻ കാലതാമസമുണ്ടാക്കുമെന്നും അതുകൊണ്ട് കോടതിയിൽ ഫോണുകൾ തുറന്നുപരിശോധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇത് കോടതി നിരസിച്ചു.
ഫോണുകളും പാറ്റേൺ ലോക്ക് ഉൾപ്പെടെയുള്ള വിവരങ്ങളും നേരിട്ട് ഫോറൻസിക് ലാബിൽ അയക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഫോറൻസിക് പരിശോധനാകേന്ദ്രം ക്രൈംബ്രാഞ്ചിനു കീഴിലാണെന്നും ഇവിടെ പരിശോധനയ്ക്ക് നൽകിയാൽ ഫോണുകളിൽ കൃത്രിമം നടക്കുമെന്നും ദിലീപ് നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ, ഈ വാദം കോടതി പരിഗണിച്ചില്ല.
ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ആറ് ഫോണുകളാണ് പരിശോധനയ്ക്ക് അയക്കുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇവയിൽനിന്ന് ലഭിക്കുമെന്നാണ് അന്വേഷകസംഘത്തിന്റെ പ്രതീക്ഷ. ഫോണിന്റെ പാറ്റേണുകൾ ലഭ്യമല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്ന് ഇത് നൽകാൻ കോടതി പ്രതികൾക്ക് നോട്ടീസ് നൽകി. ബുധനാഴ്ചയാണ് പാറ്റേണുകൾ കോടതിയിൽ എത്തിച്ചത്.
തുടരന്വേഷണം
തടയണമെന്ന്
ദിലീപിന്റെ ഹർജി
നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടപടിക്രമം പാലിക്കാതെയാണ് തുടരന്വേഷണമെന്നും വിചാരണ വൈകിപ്പിക്കലാണ് ലക്ഷ്യമെന്നും ആരോപിച്ചാണ് ഹർജി. വിചാരണക്കോടതിയുടെ അനുമതി ലഭിക്കുംമുമ്പ് തുടരന്വേഷണം ആരംഭിച്ചതായി ഹർജിയിൽ പറയുന്നു. വിചാരണ ഒരുമാസം നീട്ടിവച്ചത് നീതീകരിക്കാനാകില്ല. തുടരന്വേഷണം റദ്ദാക്കണം. ബാലചന്ദ്രകുമാർ നൽകിയ തെളിവുകൾ കെട്ടിച്ചമച്ചതാണ്. ഇതിൽ അന്വേഷകസംഘത്തിനും പങ്കുണ്ട്. ഹർജി അടുത്തദിവസം പരിഗണിക്കും.