തിരുവനന്തപുരം
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചിഴയ്ക്കാൻ അന്വേഷണ ഏജൻസികൾക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നെന്ന് പ്രതിചേർക്കപ്പെട്ട മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ. അദ്ദേഹം രചിച്ച ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും.
സ്വർണക്കടത്ത് വിവാദം തുടങ്ങുമ്പോൾതന്നെ തന്നിലേക്കും അതുവഴി സർക്കാരിലേക്കും കാര്യങ്ങളെത്തിക്കാൻ ആസൂത്രിത ശ്രമം നടന്നു. കെ സുരേന്ദ്രനും ചെന്നിത്തലയും ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ശ്രമിച്ചെന്ന ആക്ഷേപം ഉയർത്തി. തന്നെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രിക്കെതിരെ മൊഴി ശേഖരിക്കാനായിരുന്നു നീക്കം.
സ്വർണം അയച്ചതാര്, വാങ്ങി ഉപയോഗിച്ചതാര് എന്ന ചോദ്യങ്ങൾക്ക് പകരം തന്റെ രക്തത്തിനായാണ് മാധ്യമങ്ങൾ മുറവിളി കൂട്ടിയതെന്നും പുസ്തകത്തിൽ പറയുന്നു.
തന്റെ മൊഴികളും ഫോണിൽനിന്ന് ലഭിച്ച തെളിവുകളും തമ്മിൽ വൈരുധ്യമില്ലായിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചയാളെ മാനസികമായി തളർത്തുക എന്ന പ്രാകൃത സമീപനമായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത്. സമൻസിൽ പറഞ്ഞ സമയത്ത് ഒരിക്കൽപ്പോലും ചോദ്യം ചെയ്യൽ നടന്നില്ല. തുടർച്ചയായി 18 മണിക്കൂർ വരെ ചോദ്യം ചെയ്തു. തെരഞ്ഞെടുത്ത മൊഴികൾ മാധ്യമങ്ങൾക്ക് ചോർത്തി.
തിരുവനന്തപുരം ത്രിവേണി ആശുപത്രിയിലെ ഡോക്ടർ സുരേഷിനെ കേസിൽ കുടുക്കുമെന്ന് ഇഡി ഭീഷണിപ്പെടുത്തി. താനാണ് സ്വർണക്കടത്തിലെ മാസ്റ്റർ മൈൻഡ് എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പച്ചക്കള്ളം പറഞ്ഞു. അന്തിച്ചർച്ചകളിലൂടെ തേജോവധം ചെയ്യാനും യഥാർഥ കുറ്റിവാളികളിലേക്ക് പൊതുശ്രദ്ധ പോകാതെ തന്നിലും സർക്കാരിലും ഉറപ്പിച്ചു നിർത്താനും മാധ്യമങ്ങൾ കിണഞ്ഞുശ്രമിച്ചു.
സ്വപ്ന സുരേഷുമായും കുടുംബവുമായും സൗഹൃദമുണ്ടായിരുന്നു എന്നല്ലാതെ കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും ഇല്ലെന്നും പുസ്തകത്തിൽ പറയുന്നു. ബാഗേജ് വിട്ടുകിട്ടാൻ ഒരു സഹായവും ആർക്കും നൽകിയില്ലെന്നും പുസ്തകത്തിൽ പറയുന്നു. ശിവശങ്കർ ജയിലിൽ നിന്നിറങ്ങി ഒരു വർഷം പിന്നിടുമ്പോഴാണ് പുസ്തകം പുറത്തുവരുന്നത്.