തിരുവനന്തപുരം
“അർബുദ പരിചരണത്തിലെ വിടവുകൾ നികത്താം’– എന്നതാണ് ഇത്തവണത്തെ -ലോക അർബുദ ദിനത്തിന്റെ പ്രമേയം. രോഗികൾക്ക് ലഭിക്കുന്ന ചികിത്സയിലെ അസമത്വം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇത് കേരളം നേരത്തേ ഏറ്റെടുത്തതാണ്. അർബുദ ചികിത്സാ രംഗത്ത് പ്രശസ്തമാണ് സംസ്ഥാനം. ഓരോ വർഷവും സംസ്ഥാനത്ത് 60,000ത്തോളം അർബുദ രോഗികളാണ് പുതുതായി രജിസ്റ്റർ ചെയ്യുന്നത്. ഈ ബാഹുല്യം തടയാൻ ആരോഗ്യ വകുപ്പ് ക്യാൻസർ സ്ട്രാറ്റജി കർമ പദ്ധതി നടപ്പാക്കുന്നു. കേരള ക്യാൻസർ രജിസ്ട്രിയും ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നു. അർബുദ രോഗ നിയന്ത്രണ പ്രവർത്തനം ഏകോപിപ്പിക്കാൻ ബോർഡ് രൂപീകരിക്കുകയും വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡിൽ കുറഞ്ഞു
കോവിഡ് ആദ്യഘട്ട വ്യാപനം ഉണ്ടായ 2020ൽ പുതിയ രോഗികൾ കുറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് മൂന്നിൽ ഒന്നിന്റെ കുറവുണ്ടായി. മാസ്ക് ഉപയോഗവും സ്വയം ആരോഗ്യസംരക്ഷണം ഉറപ്പാക്കിയതുമൊക്കെ ഇതിന് കാരണമാകാം–-തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ ക്യാൻസർ എപ്പിഡമിയോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. ഏലിയാമ്മ മാത്യു പറഞ്ഞു.
നഷ്ടങ്ങളുടെ 2021
കേരളത്തിന്റെ അർബുദ ചികിത്സാ ചരിത്രത്തിൽ അമൂല്യ പങ്ക് വഹിച്ച ഡോ. എം കൃഷ്ണൻ നായരുടെ മരണം 2021 ന്റെ അവസാനത്തോടെയായിരുന്നു. ആർസിസി സ്ഥാപക ഡയറക്ടറായിരുന്ന അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.അർബുദത്തെ ധൈര്യത്തോടെ നേരിട്ട സിനിമ–-സീരിയൽ താരം ശരണ്യ ശശി, സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ നന്ദു മഹാദേവ എന്നിവരെ രോഗം കവർന്നതും 2021ലായിരുന്നു.