അടൂർ
വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ബാല്യകാലം ചെലവഴിച്ച കുടുംബവീട് പൊളിക്കാനെത്തി. എൽഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഏറത്ത് പഞ്ചായത്തിലെ മണക്കാല കണിയാരേത്ത് വീടാണ് വ്യാഴം രാവിലെ മുതൽ അതിഥി തൊഴിലാളികളെ ഉപയോഗിച്ച് പൊളിക്കാനാരംഭിച്ചത്. വിവരം അറിഞ്ഞ് എത്തിയ എൽഡി എഫ് നേതാക്കൾ വീട് പൊളിക്കുന്നത് തടഞ്ഞു. 100 വർഷത്തിലേറെ പഴക്കമുള്ള കുടുംബവീട് സർക്കാർ ഏറ്റെടുത്ത് സാംസ്കാരിക കേന്ദ്രമാക്കാനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടം പൊളിച്ചുമാറ്റാനെത്തിയത്.
അടൂരിന്റെ സഹോദരൻ പ്രൊഫ. രാമചന്ദ്രൻ ഉണ്ണിത്താന്റെ മകളുടെ ഭർത്താവ് ബിജുവിന്റെ നേതൃത്വത്തിലാണ് വീട് പൊളിച്ചുമാറ്റാൻ എത്തിയത്. കുടുംബവീട് പൊളിക്കരുതെന്നും വീടിന്റെയും സ്ഥലത്തിന്റെയും വില നൽകി വീട് സംരക്ഷിക്കാൻ തയ്യാറാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടും തയ്യാറാകാതെയാണ് പൊളിക്കാൻ തുടങ്ങിയത്.