യോണ്ടെ
സാദിയോ മാനെയുടെ ചിറകിലേറി സെനെഗൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ. സെമിയിൽ ബുർകിന ഫാസോയെ 3––1ന് കീഴടക്കി. സെനെഗലിന്റെ മൂന്നാം ഫൈനലാണ്. തുടർച്ചയായി രണ്ടാമത്തേതും. അവസാന 20 മിനിറ്റിലാണ് നാല് ഗോളും പിറന്നത്. ലിവർപൂൾ സ്ട്രൈക്കർ മാനെയുടെ മികവിലാണ് സെനെഗലിന്റെ കുതിപ്പ്. ഒരു ഗോളടിച്ച മാനെ ഒന്നിന് വഴിയൊരുക്കുകയും ചെയ്തു. ദേശീയ ജേഴ്സിയിൽ ഇരുപത്തൊമ്പതുകാരന്റെ 29–-ാം ഗോളാണ്.
സെനെഗലിനായി കൂടുതൽ ഗോൾ നേടിയ ഹെന്റി കറൊയുടെ ഒപ്പമെത്തി. പ്രതിരോധക്കാരൻ അബ്ദു ഡിയാലോ 70–-ാം മിനിറ്റിൽ സെനെഗലിനെ മുന്നിലെത്തിച്ചു. മാനെയുടെ പാസിൽ ഇഡ്രിസ ഗയെ ലീഡുയർത്തി. ബ്ലാടി ടൂറി ബുർകിന ഫാസോയുടെ ആശ്വാസം കണ്ടെത്തിയപ്പോൾ മാനെ പട്ടിക പൂർത്തിയാക്കി. ബുർകിന ഗോളി ഹാർവ് കോഫി ആദ്യപകുതിയിൽ പരിക്കേറ്റുമടങ്ങി. 2002ലും 2019ലും സെനെഗൽ ഫൈനലിൽ തോൽക്കുകയായിരുന്നു. കഴിഞ്ഞതവണ അൾജീരിയയോട് കീഴടങ്ങി.