ആന്റിഗ്വ
യാഷ് ദൂൽ ഇന്ത്യയെ നയിക്കുന്നത് അഞ്ചാം ലോക കിരീടത്തിന്. അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ നാളെ ഇംഗ്ലണ്ടാണ് എതിരാളി. ആന്റിഗ്വയിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറരയ്ക്കാണ് കളി. ഇന്ത്യക്ക് എട്ടാം ഫൈനലാണ്. തുടർച്ചയായി നാലാമത്തേതും. നാലുതവണ ജേതാക്കളായി. 2000ൽ മുഹമ്മദ് കെയ്ഫാണ് ആദ്യ കിരീടം കൊണ്ടുവന്നത്. 2008ൽ വിരാട് കോഹ്ലി ക്യാപ്റ്റനായപ്പോൾ രണ്ടാംകിരീടം. 2012ൽ ഉൻമുക്ത് ചന്ദും 2018ൽ പൃഥ്വി ഷായും നേട്ടം ആവർത്തിച്ചു. 2006, 2016, 2020 വർഷങ്ങളിൽ ഫൈനലിൽ തോറ്റു.
കഴിഞ്ഞതവണ ബംഗ്ലാദേശാണ് ഇന്ത്യയെ കീഴടക്കിയത്. ഇംഗ്ലണ്ടിന് രണ്ടാം ഫൈനലാണ്. 1998ൽ ചാമ്പ്യൻമാരായി. സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ 96 റണ്ണിന് തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഇന്ത്യ ഉയർത്തിയ 5-–-290ലേക്ക് ബാറ്റേന്താൻ ഓസീസിനായില്ല. ക്യാപ്റ്റൻ ദൂലും (110) വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും (94) ചേർന്നാണ് മികച്ച സ്കോർ ഒരുക്കിയത്. മൂന്നാം വിക്കറ്റിൽ ഇവർ 204 റണ്ണടിച്ചു. ഓസ്ട്രേലിയയുടെ ചെറുത്തുനിൽപ്പ് 41.5 ഓവറിൽ 194 റണ്ണിൽ അവസാനിച്ചു.
സ്പിന്നർമാരാണ് ഓസീസിനെ ഒതുക്കിയത്. വിക്കി ഒസ്ത്വാൾ മൂന്നും നിഷാന്ത് സിന്ധു രണ്ടും വിക്കറ്റെടുത്തു. പേസർ രവികുമാറിന് രണ്ട് വിക്കറ്റുണ്ട്. ഓസീസ് നിരയിൽ ലച്ലൻഷാ മാത്രമാണ് (51) പ്രതിരോധിച്ചത്. അഫ്ഗാനിസ്ഥാനെ 15 റണ്ണിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കടന്നത്.