തിരുവനന്തപുരം
പൊലീസ് ഉദ്യോഗസ്ഥർക്ക് വിവാഹവാർഷികം, ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം എന്നിവയ്ക്ക് അവധി ഉറപ്പാക്കും. ഇതിനായി ഉദ്യോഗസ്ഥരുടെ വിശേഷദിവസങ്ങൾ മുൻകൂറായി സ്റ്റേഷനിലെ പ്രത്യേകബുക്കിൽ രേഖപ്പെടുത്തും. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായരാണ് പൊലീസുകാർക്ക് ആശ്വാസമാകുന്ന നിർദേശം പുറപ്പെടുവിച്ചത്. കാസർകോട്, കണ്ണൂർ സിറ്റി, റൂറൽ, വയനാട്, കോഴിക്കോട് റൂറൽ ജില്ലകളിലെ ഉദ്യോഗസ്ഥർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി.
ഓരോ ഉദ്യോഗസ്ഥനും കൃത്യമായ അനുപാതത്തിൽ വിശ്രമം നൽകുകയും വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ ജീവിതവശങ്ങൾക്ക് ഉചിതമായ പിന്തുണ നൽകുകയുമാണ് ലക്ഷ്യമെന്ന് സർക്കുലറിൽ പറയുന്നു. സമാന പദ്ധതി എല്ലായിടത്തും നടപ്പാക്കണമെന്ന് പൊലീസ് സംഘടനകൾ ആവശ്യപ്പെട്ടു.