തിരുവനന്തപുരം> കേന്ദ്ര ബജറ്റിൽ തമിഴ്നാട്ടിലെ വിവിധ റെയിൽവേ വികസന പദ്ധതികൾക്കായി 3,865 കോടി രൂപ നീക്കിവച്ചപ്പോൾ സംസ്ഥാനത്തിന് ലഭിച്ചത് 1085 കോടി രൂപ. ദക്ഷിണ റെയിൽവേക്ക് ഇത്തവണത്തെ ബജറ്റിൽ 7,134.56 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചതെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ കെ അഗർവാൾ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തമിഴ്നാടിന് പുതിയ പാതകൾക്കും പാത ഇരട്ടിപ്പിക്കലിനും ഗേജ് കൺവേർഷനും ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് തുക നീക്കിവച്ചിട്ടുണ്ട്. രാമേശ്വരം–-ധനുഷ്കോടി പുതിയ പാത ഉൾപ്പെടെയുള്ളവയ്ക്കാണ് പണം അനുവദിച്ചത്.
കേരളത്തിന് 1085 കോടി രൂപയാണ് അനുവദിച്ചതെന്നും മുൻവർഷത്തേക്കാൾ ഉയർന്ന തുകയാണ് ഇതെന്നും എ കെ അഗർവാൾ പറഞ്ഞു. തിരുവനന്തപുരം–-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 393.50 കോടി രൂപയും കുറുപ്പന്തറ–-ചിങ്ങവനം പാതയ്ക്കായി 50.94 കോടി രൂപയുമാണ് അനുവദിച്ചത്. വൈദ്യുതീകരണ ജോലികൾക്കായി 100.66 കോടി രൂപയും അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് പുതിയ പാതകളോ സംസ്ഥാനം ആവശ്യപ്പെട്ട പദ്ധതികൾക്കുള്ള വിഹിതമോ ഇത്തവണ കിട്ടിയില്ല. പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ടും ഇത്തവണ ലഭിച്ചില്ല.