ന്യൂഡൽഹി > കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർലൈനിന് എത്രയും വേഗം അനുമതിയും ആവശ്യമായ സാമ്പത്തിക സഹായവും നൽകണമെന്ന് എളമരം കരീം എം.പി രാജ്യസഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യവികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാവാൻ പോകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കെ റെയിൽ സമർപ്പിച്ച പ്രോജക്റ്റിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളം വിശദമായ ഡിപിആർ സമർപ്പിക്കുകയും ഭൂമി ഏറ്റെടുക്കലിന്റെ ഉൾപ്പെടെയുള്ള പ്രാധമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. അന്തിമ അനുമതിക്കായി ഡിപിആർ റെയിൽ മന്ത്രാലയത്തിന്റ പരിഗണനയിലാണ്. അതിൽ എത്രയും വേഗം തീരുമാനയെടുക്കണമെന്നും പദ്ധതിക്ക് അന്തിമാനുമതിയും സാമ്പത്തിക സഹായവും നൽകണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാവാൻ പോകുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയപ്രേരിതമായ പ്രചാരണം ഒരു വിഭാഗം അഴിച്ചുവിടുന്നുണ്ട്. കേരളത്തിലെ യുഡിഎഫ്, ബിജെപി നേതൃത്വങ്ങൾ പരസ്യമായി പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. രാജ്യസഭയിൽ ഈ വിഷയം ഉന്നയിക്കുന്നതിനിടയിൽ കോൺഗ്രസ് അംഗം കെ സി വേണുഗോപാൽ ഇടപെട്ടു സംസാരിക്കുകയുണ്ടായി. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയാണിതെന്നും സംസ്ഥാന സർക്കാർ ജനങ്ങളുടേമേൽ പദ്ധതി അടിച്ചേൽപ്പിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും വക്താക്കളായി കോൺഗ്രസ് നേതാക്കൾ വരണ്ട. രാഷ്ട്രീയ പ്രേരിതമായി നിങ്ങൾ നടത്തുന്ന പ്രചാരവേല ജനങ്ങളുടെ തലയിൽ കെട്ടിവെക്കരുത്.
സിൽവർ ലൈനിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കേരളത്തിലെ സാധാരണ ജനങ്ങളായിരിക്കും. ഈ പദ്ധതി നടപ്പിലായാൽ ഇനി ഒരുകാലത്തും അധികാരത്തിൽ തിരിച്ചെത്താൻ പറ്റാതെവരുമോ എന്ന ആധിയാണ് കോൺഗ്രസ് നേതൃത്വത്തിന്. അതിന്റെ അനുരണനമാണ് ഇന്ന് രാജ്യസഭയിലും കണ്ടത്. സഭയ്ക്കുള്ളിൽ ഇത്തരത്തിൽ പരസ്പരമുള്ള വാഗ്വാദത്തിലേക്ക് പോകേണ്ടതിലെന്നും കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള പദ്ധതിയെ സംബന്ധിച്ച് വിശദമായി പഠിച്ച് സർക്കാർ ഒരു തീരുമാനത്തിലെത്തട്ടെ എന്നുമാണ് ഇടപെട്ട് സംസാരിച്ച രാജ്യസഭാ ചെയർമാൻ നിർദ്ദേശിച്ചത്.
അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സിൽവർലൈൻ പദ്ധതി ആട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ നിന്നും കേരളത്തിലെ യുഡിഎഫ്, ബിജെപി നേതൃത്വം പിന്മാറണം. നാടിന്റെ വികസന കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാനും സംസ്ഥാനത്തിന് ആവശ്യമുള്ളത് കേന്ദ്രസർക്കാരിൽ നിന്ന് നേടിയെടുക്കാനും യുഡിഎഫ് എംപിമാർ തയ്യാറാവണമെന്നും എളമരം കരീം പറഞ്ഞു.