കോഴിക്കോട്> ചാലിയം ബീച്ച് ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ചാലിയം ബീച്ച് സന്ദർശിച്ച ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കേരളത്തിലെ ബീച്ചുകളിൽ വാട്ടർ സ്പോർട്സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ പ്രദേശമാണ് ചാലിയമെന്നും തദ്ദേശീയവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതസാഹചര്യം മാറ്റുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടു വർഷത്തിനകം കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയത്തെ മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കലാ സാംസ്കാരിക സംവാദങ്ങൾക്കും ഒത്തുചേരലുകൾക്കും വേദിയായി കൾച്ചറൽ കോർണർ സ്ഥാപിക്കും. മുഴുവൻ പദ്ധതിയും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാലിയം ബീച്ച് ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ബീച്ച് സന്ദർശിച്ചത്.
കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, നോർക്കറൂട്സ് ഡയറക്ടർ ബാദുഷ കടലുണ്ടി, പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ പി മനോജ്, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ്, ബേപ്പൂർ ഡെവലപ്പ്മെന്റ് മിഷൻ പ്രതിനിധി രാധ ഗോപി, ആർക്കിടെക്ട് മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു.