തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികൾ അനാവരണം ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തകം. അശ്വത്ഥാമാവ് വെറും ഒരുആനഎന്നപേരിലുള്ള പുസ്തകത്തിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളെയും മാധ്യമങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. പുസ്തകം അടുത്ത ദിവസം പുറത്തിറങ്ങും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ തന്റെ ഭാഗം വിശദീകരിക്കുകയാണ് പുസ്തകത്തിൽ ശിവശങ്കർ. ജൂൺ 30ന് എത്തിയ ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന് സ്വപ്ന സുരേഷ് ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ തന്നെ വിളിച്ച് ആവശ്യപ്പെട്ടു. കാർ സ്റ്റീരിയോകളാണ് ബാഗേജിൽ ഉള്ളതെന്നും ഇത് ഡ്യൂട്ടി അടയ്ക്കാത്തതിനാലാണ് പിടിച്ചുവെച്ചിരിക്കുന്നതെന്നും വിട്ടുകിട്ടാൻ സഹായിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ കസ്റ്റംസുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ താൻ ഇടപെടില്ലെന്ന് മറുപടി നൽകി. ജൂലായ് നാലാം തീയതി സ്വപ്നയും ഭർത്താവ് ജയശങ്കറും തന്റെ ഫ്ളാറ്റിൽ എത്തി ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാൽ അപ്പോഴും താൻ അതേ നിലപാട് സ്വീകരിച്ചു. ഇതുമാത്രമാണ് കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യമെന്ന് ശിവശങ്കർ പുസ്തകത്തിൽ പറയുന്നു.
തന്റെ ജന്മദിനത്തിൽ സമ്മാനമായി സ്വപ്ന നൽകിയ ഒരു ഐഫോൺ ആണ് പിന്നീട് വിവാദത്തിന് ഇടയാക്കിയത്. എന്നാൽ തന്നോട് ഇത്തരമൊരു ചതി തന്നോട് സ്വപ്ന ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശിവശങ്കർ പറയുന്നു.
ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും അന്വേഷണ ഏജൻസികളും തന്നെ കേസിൽ പ്രതിചേർക്കാനുള്ള നിലപാടുകളാണ് സ്വീകരിച്ചത്.തന്നെ 90 മണിക്കൂറോളം ചോദ്യംചെയ്ത അന്വേഷണ ഏജൻസികൾക്ക് സ്വർണക്കടത്തുമായി തന്നെ ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവുകളൊന്നുംലഭിച്ചില്ല. ഈ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ബന്ധപ്പെട്ടിട്ടില്ല എന്ന കാര്യം അന്വേഷണ ഏജൻസികൾക്ക് ബോധ്യമായെന്നും ശിവശങ്കർ പറയുന്നു.
മുഖ്യമന്ത്രിയെയും തന്നെയും ഈ കേസുമായി ബന്ധപ്പെടുത്താനുള്ള നീക്കങ്ങൾ പല ഭാഗത്തുനിന്നും ഉണ്ടായി. ബാഗേജുകൾ കസ്റ്റംസ് തുറന്നുനോക്കുമ്പോൾത്തന്നെ ബിജെപി നേതാവ്കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം തനിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതുമായി ബന്ധമുണ്ടെന്ന വിധത്തിലുള്ള പ്രസ്താവനകൾ നടത്തി. ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അത് അന്വേഷിക്കപ്പെടേണ്ടതാണെന്നുംശവശങ്കർ പുസ്തകത്തിൽപറയുന്നു.
Content Highlights:M Sivasankar to release book on gold smuggling case