തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും വിമർശനവും പരിഹാസവുമായി മുൻ മന്ത്രി കെ.ടി.ജലീൽ. ഔദ്യോഗിക ജീവിതത്തിൽ സിറിയക് ജോസഫ് അലസനാണെന്നും കേസുകളിൽ വിധി പറയാത്ത ന്യായാധിപനാണെന്നും പുസത്കത്തെ ഉദ്ധരിച്ച് ജലീൽ പരിഹസിച്ചു.
ഫെയ്സ്ബുക്കിലൂടെയാണ് ജലീൽ ഇത്തവണയും സിറിയക് ജോസഫിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് വിവാദത്തിന് പിന്നാലെ തുടർച്ചയായ വിമർശനങ്ങളാണ് ജലീൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നടത്തികൊണ്ടിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി.ജലീലിന് ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്ന് രാജിവെക്കേണ്ടി വന്നിരുന്നു.
ജലീലിന്റെഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം..
അലസ ജീവിത പ്രേമിശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ വിധി പറഞ്ഞതോ ഏഴേഏഴ്!
————————————- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച Justice versus Judiciary എന്ന പുസ്തകത്തിൽ സുധാംഷു രൻജൻ എഴുതുന്നു:
ദീർഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളിൽ തീർപ്പു കൽപ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹർ ലാൽ ഗുപ്ത താക്കീത് ചെയ്തിരുന്നു.
ഡൽഹി ഹൈക്കോടതിയിൽ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപൻ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.
എന്നിട്ടും ഉത്തർഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കർണാടകയിലും അതേ പദവിയിൽ എത്തിപ്പെട്ടു.
അപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനശൈലി അതുപോലെ തന്നെ തുടർന്നു.
ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നൽകി. 2008 ജൂലൈ 7 മുതൽ 2012 ജനുവരി 27 വരെയുള്ള (മൂന്നര വർഷം) സേവനകാലയളവിൽ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുൾപ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.
ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളിൽ പിറുപിറുപ്പ് ഉയർന്ന അവസാനനാളുകളിലാണ് മേൽപ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.
അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എൻഎച്ച്ആർസി (ദേശീയ മനുഷ്യാവകാശ കമ്മീഷൻ) അംഗത്വം സമ്മാനിക്കുകയായിരുന്നു(പേജ് 260)














