തിരുവനന്തപുരം: കെ-റെയിൽ ഡിപിആർ ദുർബലമല്ലെന്നും എന്നാൽ കൂടുതൽ വിശദീകരണം കേന്ദ്രം നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. പാർലമെന്റിൽ റെയിൽവെമന്ത്രാലയം നൽകിയ മറുപടിയിൽ കാര്യമായൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കെ-റെയിലിന് സ്ഥലമേറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാർ അറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കെ-റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കേരളം നൽകിയ ഡിപിആർ അപൂർണമാമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിരുന്നു.
കേരളത്തിൽ നിന്നുള്ള എംപിമാരായ എൻകെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.
ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഡിപിആറിൽ ഇല്ല. ഏറ്റെടുക്കേണ്ട റെയിൽവേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Content Highlights:dpr is not weak and nothing much on the reply of railway ministry in parliament says minister














