കൊച്ചി> നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തിൽ ആലുവ മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച തീരുമാനിക്കും. ഹൈക്കോടതി നിർദേശപ്രകാരം ആലുവ കോടതിയിൽ എത്തിച്ച ഫോണുകൾ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ തുറക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ പ്രതിഭാഗം എതിർത്തു.
ഫോൺ തുറക്കാൻ പ്രതികൾ കൈമാറിയ പാറ്റേൺ കോടതിയിൽവച്ച് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെയും പ്രതിഭാഗം എതിർത്തു. സീൽ ചെയ്ത് പോകുന്ന ഫോണുകളുടെ പാറ്റേൺ തെറ്റാണെങ്കിൽ പരിശോധനാഫലം വൈകുമെന്നും ഇതിലൂടെ കേസ് നീട്ടാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഫോൺ തുറന്നാൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. തുറന്ന കോടതിയിൽ ഏതാനും സെക്കൻഡുകൾമാത്രം ഫോൺ തുറന്ന് പരിശോധിച്ചാൽ എങ്ങനെ കൃത്രിമം നടക്കുമെന്ന് കോടതി ചോദിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ദിലീപ് സമർപ്പിച്ച ആറ് ഫോണുകൾ ചൊവ്വ രാത്രി ഏഴരയോടെ ഹൈക്കോടതിയിൽനിന്ന് ആലുവ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചിരുന്നു. ബുധൻ രാവിലെ ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണ് അപേക്ഷ നൽകിയത്. ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വാദം കേൾക്കും. പ്രതികളുടെ ശബ്ദസാമ്പിൾ പരിശോധിക്കാൻ അനുമതി തേടി അന്വേഷകസംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ദിലീപും കൂട്ടാളികളും ഉപയോഗിച്ച മൊബൈൽഫോണുകളുടെ കൂടുതൽ സിഡിആർ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കൂടുതൽ അന്വേഷണം നടത്തി ഇവ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷകസംഘം.
ഇതിൽ ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് ഉപയോഗിച്ച മറ്റൊരു ഫോണുമുണ്ടെന്നാണ് സൂചന. സംവിധായകൻ ബാലചന്ദ്രകുമാറിന് സന്ദേശമയച്ചത് ഈ ഫോണിൽനിന്നായിരുന്നു. കോടതിയിൽ കൊടുത്തവയിൽ ഈ ഫോണില്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.