കാസർകോട്> ബദ്രടുക്കയിലെ പൊതുമേഖലാ സ്ഥാപനമായ കെല്ലിൽ വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം ഹനിക്കുന്ന മാനേജിങ് ഡയറക്ടർ ഷാജൻ വർഗീസിന്റെ ഏകപക്ഷീയ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സിഐടിയു ജില്ലാകമ്മിറ്റി. കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനം തിരിച്ചെടുത്ത ഭെൽ കമ്പനിയാണ് കെൽ ഇലക്ട്രിക്കൽ മെഷീൻ ടൂൾസ് എന്നപേരിൽ മാറ്റിയത്.
ആദ്യ ഗഡു തുകയായി 20 കോടി രൂപയും അനുവദിച്ചു. ഇതിൽനിന്നും ജീവനക്കാരുടെ ശമ്പള കുടിശ്ശികയായ നാലുകോടി രൂപ നൽകുമെന്നും അറിയിച്ചതാണ്. എന്നാൽ പുതിയ സേവന വേതന വ്യവസ്ഥ നിലവിൽ വന്നതിന് ശേഷം മാത്രമേ ശമ്പള കുടിശ്ശിക നൽകാനാകൂവെന്ന നിലപാടാണ് മാനേജിങ് ഡയറക്ടറുടേത്. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. പുതിയ സേവന വേതന വ്യവസ്ഥ ചർച്ച ചെയ്ത് നിലവിൽ വരുമ്പോൾ അതിനനുസരിച്ച് നടപടിയെടുക്കാം.
എന്നാൽ മുമ്പ് പണിയെടുത്ത ശമ്പളമാണ് തൊഴിലാളികൾക്ക് നൽകാനുള്ളത്. ഇത് തടയാനുള്ള ധിക്കാരപരമായ സമീപനം അംഗീകരിക്കാനാകില്ല. സർക്കാർ താൽപര്യം മാനേജ്മെന്റ് പൂർണമായും ഹനിക്കുകയാണ്. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവർക്ക് സിഐടിയു ജില്ലാകമ്മിറ്റി കത്തയച്ചു. വ്യവസായ മന്ത്രി പി രാജീവും വ്യവസായ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനം കാറ്റിൽപറത്തി ഏകപക്ഷീയ നിലപാടെടുത്ത മാനേജിങ് ഡയറക്ടർ തെറ്റുതിരുത്തി ഉടൻ ശമ്പള കുടിശ്ശിക നൽകാൻ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് സാബു അബ്രഹാമും ജനറൽ സെക്രട്ടറി ടി കെ രാജനും അഭ്യർഥിച്ചു.