തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യായങ്ങളിലെ കുട്ടികളിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10.47 ലക്ഷം ആയതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ സംസ്ഥാനത്ത് 13.27 ലക്ഷം കുട്ടികളിൽ 78.8% കുട്ടികളും വാക്സിൻ എടുത്തതായി കൈറ്റിന്റെ സമ്പൂർണ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തി. അതേസമയം ഇനിയും 1.11 ലക്ഷം കുട്ടികൾ (8.3%) വാക്സിൻ എടുക്കാൻ ബാക്കിയുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോവിഡ് കാരണം വാക്സിൻ എടുക്കാൻ കഴിയാത്തത് 14261 (1.1%) കുട്ടികൾക്കാണ്. കൊല്ലം (88.1%), തൃശൂർ (87.7%), പാലക്കാട് (85.5%) എന്നീ ജില്ലകളാണ് വാക്സിനേഷനിൽ മുന്നിൽ. തിരുവനന്തപുരം (83.3%), കാസർകോട്(82.5%), എറണാകുളം, ആലപ്പുഴ (81.5%) ജില്ലകളാണ് തൊട്ടടുത്ത്. വാക്സിനേഷൻ ശതമാനത്തിൽ പിറകിലുള്ള ജില്ലകൾ കോഴിക്കോടും (67.5%), മലപ്പുറവും (69.4%), കോട്ടയവുമാണ് (71.4%).
വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് പൊതുവിദ്യാഭ്യാസതൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അധ്യാപകരും പി ടി എ ഭാരവാഹികളും ഇതിന് മുൻകൈ എടുക്കണം. സമ്പൂർണ പോർട്ടലിൽ വിവരങ്ങൾ ഇനിയും അപ്ലോഡ് ചെയ്യാത്ത കുട്ടികളുണ്ട്. ഇവരുടെ വിവരങ്ങൾ കൂടി സമ്പൂർണ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
Content Highlights: 78.8% public school students vaccinated