പല കാരങ്ങളാൽ തങ്ങളുടെ പ്രണയം പാതിവഴി ഉപേക്ഷിച്ചു പോയവരോടുള്ള ദേഷ്യത്തിലായിരിക്കും ഇക്കൂട്ടർ. എന്നാൽ മുൻ കാമുകൻ അല്ലെങ്കിൽ കാമുകിയോടുള്ള ദേഷ്യം അവസാനിപ്പിക്കാനുള്ള ഒരു വഴിയൊരുക്കുകയാണ് യുകെയിലെ ഹെംസ്‌ലി കൺസർവേഷൻ സെന്റർ (എച്ച്സിസി). പ്രണയം വേണ്ട എന്ന് വച്ച് പോയ കാമുകന്റെ അല്ലെങ്കിൽ കാമുകിയുടെ പേര് ഒരു പാറ്റയ്ക്ക് ഇട്ട് വിഷമം തീർക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഹെംസ്‌ലി കൺസർവേഷൻ സെന്റർ.
“ആ നിഷേധാത്മക ചിന്തകളും (പ്രണയം പരാജയപ്പെട്ടത് മൂലമുള്ള) വികാരങ്ങളും മാറ്റിവച്ച് നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി തിരികെ കൊണ്ടുവരാനുള്ള സമയമാണിത്!” ഹെംസ്‌ലി കൺസർവേഷൻ സെന്റർ പറയുന്നു. ‘നെയിം എ കോക്ക്‌റോച്ച്’ പ്രോഗ്രാമിലൂടെ, ഈ പ്രണയദിനത്തിൽ നിങ്ങളുടെയോ നിങ്ങളുടെ സുഹൃത്തിന്റെ മുൻ കാമുകൻ അല്ലെങ്കിൽ കാമുകിയുടെ പേര് 1.50 പൗണ്ടിന് (150 രൂപ) ഒരു പാറ്റയ്ക്ക് പേരിടാൻ ഹെംസ്‌ലി കൺസർവേഷൻ സെന്റർ അനുവദിക്കുന്നു. വരുമാനം എച്ച്സിസിയുടെ പ്രോജക്ടുകൾക്കായി വിനിയോഗിക്കും.
പാറ്റയ്ക്ക് പേരിടാൻ മുന്നോട്ട് വരുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും, കൂടാതെ എച്ച്സിസിയുടെ “റോച്ച് ബോർഡ്” പാറ്റയുടെ പുതിയ പേരുകൾ പ്രദർശിപ്പിക്കും. “ഫെബ്രുവരി 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ‘റോച്ച് ബോർഡിന്’ പേരുകൾ എടുക്കുന്നത് ഞങ്ങൾ നിർത്തും. ഇതിന് ശേഷം ഫെബ്രുവരി 15 വരെ ലഭിക്കുന്ന പേരുകൾ ‘റോച്ച് ബുക്കിൽ’ രേഖപ്പെടുത്തും,” എച്ച്സിസി വ്യക്തമാക്കി.
ടെക്സാസിലെ സാൻ അന്റോണിയോ മൃഗശാല സമാനമായി ഒരാളുടെ മുൻ പങ്കാളിയുടെയോ ബോസിന്റെയോ സൗഹൃദം വേണ്ടെന്നോ പറഞ്ഞു പോയ വ്യക്തിയുടെ പേര് ഒരു പാറ്റ അല്ലെങ്കിൽ എലിയ്ക്ക് പ്രതീകാത്മകമായി നൽകാൻ അനുവദിക്കുന്നുണ്ട്. 10 ഡോളർ (750 രൂപ) കൊടുത്ത് പാറ്റയ്ക്ക് പേര് നൽകാം. ഒരു എലിക്ക് 25 ഡോളർ (1,670 രൂപ) കൊടുത്ത് പേര് നൽകാം. “ഇനി ഇതാ ഏറ്റവും നല്ല ഭാഗം… ഞങ്ങൾ ഇത് (നിങ്ങൾ പേരിട്ട പാറ്റയോ, എലിയോ) ചില മൃഗങ്ങൾക്ക് ലഘുഭക്ഷണമായി നൽകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും!” മൃഗശാല വ്യക്തമാക്കുന്നു.