കോഴിക്കോട്: കെ.എസ്.യു പുന:സംഘടനയുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ മാനദണ്ഡം മുന്നോട്ടുവെക്കുന്നുവെന്ന പേരിൽ നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെതിരേ സംഘടനയ്ക്കുള്ളിൽ പടയൊരുക്കം. രണ്ട് വർഷത്തെ കാലാവധിയുണ്ടായിരുന്ന കെ.എസ്.യു കമ്മിറ്റി ഇപ്പോൾ അഞ്ചുവർഷമായി തുടരുന്നു. സംസ്ഥാന അധ്യക്ഷനടക്കം രാജിവെച്ച് മാന്യത കാട്ടണമെന്നും ഇനിയും കടിച്ച് തൂങ്ങി നിന്നാൽ കാലം മാപ്പ് തരില്ലെന്നും സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉന്നയിക്കുന്നുണ്ട്. വിഷയത്തിൽ കെ.എം അഭിജിത്ത് ഉൾപ്പെടെയുള്ള ആളുകളുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പ് സംഭാഷണങ്ങൾ പുറത്ത് വന്നത് വലിയ ചർച്ചകൾക്കും തുടക്കമിട്ടു.
ഭാരവാഹിത്വത്തിന് പ്രായവും വിവാഹ ജീവിതവും മാനദണ്ഡമായ കെ.എസ്.യു.വിൽ പുതിയ കമ്മിറ്റി വരുമ്പോൾ അഭിജിത്ത് ഒഴികെയുള്ള മറ്റുള്ളവരെല്ലാം അയോഗ്യരാക്കപ്പെടും. എന്നാൽ ഉമ്മൻചാണ്ടിയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന നേതാവെന്ന നിലയിൽ അഭിജിത്ത് തന്നെ വീണ്ടും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തട്ടെയെന്ന നിലപാട് കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടാവുന്നുവെന്നത് മുൻകൂട്ടി കണ്ടുകൊണ്ടാണ് അഭിജിത്തിനെതിരേ പടയൊരുക്കത്തിന് തുടക്കമിട്ടത്. മാനദണ്ഡങ്ങൾ കൊണ്ടുവരുമ്പോൾ ആദ്യം സ്വയം രാജിവെച്ച് മറ്റുള്ളവർക്ക് മാതൃകയാവണമെന്നും അല്ലാതെ ഞാൻ തുടരട്ടെയെന്ന് സ്വയം തീരുമാനിച്ച് മുന്നോട്ട് പോവുന്നത് ശരിയല്ലെന്നുമാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.
മാനദണ്ഡങ്ങൾ തീരുമാനിക്കുമ്പോൾ അത് സംസ്ഥാന കമ്മിറ്റി കൂടി തീരുമാനിച്ച മാനദണ്ഡമാവണം. അല്ലാത്ത പക്ഷം ജനാധിപത്യ വിരുദ്ധമാവുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരെങ്കിലും കുറച്ച് പേർ ചേർന്നുണ്ടാക്കുന്ന മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ആരെയെങ്കിലും ഉപദ്രവിക്കുന്നതിന് വേണ്ട് മാനദണ്ഡമുണ്ടാക്കരുത്. പകരം പണിയെടുക്കുന്നവരെ ഉൾക്കൊള്ളിക്കാൻ വേണ്ടിയുള്ളതാവരുതെന്നും നേതാക്കൾ പറയുന്നുണ്ട്. അല്ലാത്ത പക്ഷം തിരുവനന്തപുരത്ത് വന്ന് വാർത്താസമ്മേളനം വിളിച്ച് പറയേണ്ട അവസ്ഥയുണ്ടാവുമെന്നും കമ്മിറ്റിയംഗങ്ങൾ ഓർമിപ്പിക്കുന്നുണ്ട്.
എല്ലാവരും മാറുമ്പോൾ ഒരാളെ മാത്രമായി യോഗ്യതയുടെ പേരിൽ നിലനിർത്തുന്നത് ശരിയല്ല. പുതിയ മുഖം എന്ന നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന വിദ്യാർഥിനികൾ അടക്കമുള്ള നിരവധി പേർ പുറത്തുണ്ടെന്നും അത്തരക്കാർക്ക് അവസരം കൊടുക്കണമെന്നുമാണ് ഉയർന്ന് വരുന്ന ആവശ്യം. എന്നാൽ അഞ്ച് വർഷം പ്രവർത്തന പരിചയുള്ള അഭിജിത്ത് തുടർന്നാൽ പുതിയ കമ്മിറ്റിക്ക് കൂടുതൽ ചടുലമായി പ്രവർത്തിക്കാൻ കഴിയുമെന്ന മറുവദാവും ഉയരുന്നുണ്ട്. ഈ മാസം അവസാനത്തോടെ കെ.എസ്.യുവിന് പുതിയ നേതൃത്വം ഉണ്ടാവാനുള്ള സാധ്യതയാണ് കാണുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് അഭിജിത്തിനെതിരേ സംഘടനക്കുള്ളിൽ തന്നെ ചരടുവലി സജീവമാകുന്നത്.