തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് തീവണ്ടികൾ കെ-റെയിലിന് ബദലാകിലെന്ന് സിലവർലൈൻ സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കിയ അലോക് വർമ. വന്ദേഭാരത് ട്രെയിനുകൾക്ക് 160 കിലോമീറ്റർ വേഗമേ ഉണ്ടാകൂ. നിലവിലെ സ്ഥിതിയിൽ തിരുവനന്തപുരം – കാസർകോട് ലൈനിൽ 110 കിലോമീറ്റർ വേഗമേ സാധ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ-റെയിൽ പദ്ധതി പുനപരിശോധിക്കണമെന്നും വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലായേക്കാമെന്നുമുള്ള ശശി തരൂരിന്റെ ട്വീറ്റിനുള്ള മറുപടിയായുള്ള റീട്വീറ്റിലാണ് അലോക് വർമ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സ്ഥിതിയിൽ തിരുവനന്തപുരം – കാസർകോട് ലൈനിൽ 110 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ സാധിക്കുകയുള്ളൂ. ഘട്ടം ഘട്ടമായി 30 ശതമാനം അലൈൻമെന്റിൽ മാറ്റം വരുത്തിയാൽ മാത്രം ഇത് 200 കിലോ മീറ്റർ വേഗതയിലേക്ക് എത്തിക്കാൻ സാധിക്കും. പക്ഷേ അതിനായി 25000 കോടി രൂപ ചെലവൊഴിച്ച് ഈ പാതയിൽ നവീകരണം നടത്തണം. ഇത്തരത്തിൽ പാത നവീകരിച്ചാൽ മാത്രമേ വന്ദേഭാരത് ട്രെയിൻ കേരളത്തിൽ ഓടിക്കാൻ സാധിക്കൂവെന്നാണ് അലോക് വർമ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് ട്രെയിൻ നിലവിലെ പാതയിൽ ഓടിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അലൈൻമെന്റിൽ 30 ശതമാനം മാറ്റം വരുത്തിയാൽ മാത്രമേ ഇത്രയും വേഗത്തിൽ ട്രെയിൻ ഓടിക്കാൻ സാധിക്കൂ. ഇതേകാര്യം തന്നെ കെ-റെയിൽ വ്യത്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ വന്ദേഭാരത് ട്രെയിനുകൾ രാജ്യത്ത് രണ്ട് റൂട്ടുകളിലാണ് ഓടുന്നത്. ന്യൂഡൽഹി-വാരണാസി, ന്യൂഡൽഹി- ഘട്ടാര റൂട്ടുകളിൽ. ഈ രണ്ട് റൂട്ടുകളിലും പരമാവധി 160 കിലോ മീറ്ററാണ് വേഗം. ചില സ്ഥലങ്ങളിൽ 130 കിലോ മീറ്റർ വേഗം മാത്രമേ സാധ്യമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ സിലവർ ലൈനിന് ബദൽ അല്ലെന്ന വാദമാണ് കെ റെയിലും ഉയർത്തുന്നത്.
മൂന്നുവർഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൾ പുറത്തിറക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂർ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
Content Highlights:Vandhe Bharat will not replace K rail Alok Varma responds to Tharoors tweet