തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ വിശദീകരണത്തിന്റെ വിശദാംശങ്ങൾ പുറത്ത്. ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നൽകുക എന്ന ചോദ്യം ഉയർത്തികൊണ്ടും കോടതി ഉത്തരവുകൾ വിശദീകരിച്ചുകൊണ്ടുമാണ് സർക്കാർ മറുപടി നൽകിയിരിക്കുന്നത്. സർക്കാരിന്റെ വിശദീകരണം ലഭിച്ചതോടെ ഗവർണർ എടുക്കുന്ന തുടർ നടപടികൾ നിർണായകമാകും.
ഗവർണർ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാൻ ലോകായുക്തക്ക് കഴിയില്ല. 1986-ലെ ബാലകൃഷ്ണപിള്ള-കെസി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്ക് നൽകിയ നിവേദനം സംബന്ധിച്ചാണ് സർക്കാരിനോട് വിശദീകരണം തേടിയിരുന്നത്.
ഒരു പൊതുപ്രവർത്തകന്റെ സ്ഥാനം റിട്ട് ഓഫ് ക്വോ വാറന്റോ പുറപ്പെടുവിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നതിന് ഹൈക്കോടതിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഖണ്ഡിക്കുന്നതിനാണ് 1986-ലെ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ വിധി സർക്കാർ ഉയർത്തിക്കാട്ടുന്നത്.
ഗവർണർ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതിതക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകയുക്തക്ക് നൽകേണ്ടതെന്നും സർക്കാർ ചോദിക്കുന്നു.
ലോകയുക്ത നിയമം നിലവിൽ വന്നിട്ട് ഇത്രകാലമായിട്ടും എന്തുകൊണ്ടാണ് ഇത് ഭരണഘടനാ വിരുദ്ധമെന്ന് സർക്കാരിന് തോന്നാതിരുന്നതെന്നും ഇപ്പോൾ അതിൽ മാറ്റം വരുത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനല്ലെയെന്നും പ്രതിപക്ഷ നേതാവ് നിവേദനത്തിൽ ചോദിച്ചിരുന്നു.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിന്റെ നിയമപരമായ സാധുത ഇതുവരെ ജൂഡീഷ്യൽ അവലോകനത്തിന് വിധേയമായിട്ടില്ലെന്നാണ് സർക്കാർ ഇതിന് മറുപടി നൽകിയത്. അതിന് കാലയളവ് ഒരു തടസ്സമല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം നിയമസഭ സമ്മേളന തീയതി തീരുമാനിച്ചില്ല. ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനത്തിന് ശേഷം സഭ സമ്മേളനം തീരുമാനിക്കാനാണ് സർക്കാർ നീക്കം. അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മടങ്ങി എത്തും. അതിന് ശേഷം ഗവർണറുടെ തീരുമാനവും കൂടി വന്ന് കഴിഞ്ഞ് അടുത്ത തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സർക്കാറിന്റെ തീരുമാനം.