കൊച്ചി > മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ “മിന്നൽ മുരളി’ ചോദ്യപേപ്പറിലും ഇടംപിടിച്ചു. നെറ്റ്ഫ്ലിക്സ് റിലീസ് ആയ സിനിമ ഒരുമാസം കഴിഞ്ഞിട്ടും വിദേശ രാജ്യങ്ങളിലെ സിനിമ പ്രേമികൾക്കിടയിൽ ഇപ്പോഴും ചർച്ചയാണ്. അപ്പോഴാണ് കോതമംഗലം എം.എ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറിൽ ‘മിന്നൽ മുരളി’ കടന്നുകൂടിയത്.
സിനിമയിലെ വില്ലൻ ഷിബു, ജോസ് മോൻ എന്നീ കഥാപാത്രങ്ങളും സ്ഥലങ്ങളും ഒക്കെ ചോദ്യത്തിൽ ഇടം നേടിയിട്ടുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചോദ്യപേപ്പർ പങ്കുവെച്ചത്. “ദേശം , കണ്ണാടിക്കൽ , കുറുക്കൻമൂല എല്ലാം ഉണ്ട്” എന്ന് കുറിച്ചുകൊണ്ടായിരുന്നു ബേസിലിന്റെ പോസ്റ്റ്.
മുദ്രനിരപ്പിലെ സ്ഥലമായ കുറുക്കൻമൂലയിൽ കുളിക്കാൻ ചൂടുവെള്ളം തിളപ്പിക്കാൻ പോവുകയായിരുന്നു മിന്നൽ മുരളി. അപ്പോഴാണ് 100 ഡിഗ്രി സെൽഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവൻ ജോസ്മോൻ പറയുന്നത്. എന്നാൽ അങ്ങനെ സാധ്യമല്ലെന്നു മിന്നൽ മുരളി വാദിച്ചു.. എന്നിങ്ങനെയാണ് ആദ്യ ചോദ്യം തുടങ്ങുന്നത്. ഇതിന്റെ താഴെ മറ്റു ഉപചോദ്യങ്ങളുമുണ്ട്. എല്ലാ ചോദ്യത്തിനും കൂടി ആകെ 50 മാർക്കാണ് ലഭിക്കുക.















