കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. ദിലീപിന്റേതടക്കമുള്ള ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാനും കോടതി നിർദേശിച്ചു. ഫോൺ വിട്ടുകിട്ടാൻ അന്വേഷണ സംഘത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. ഫോണ് ലോക്ക് അഴിക്കുന്ന പാറ്റേണും പ്രതിഭാഗം കോടതിയെ അറിയിക്കണം.
ദിലീപ് ഹാജരാക്കിയ ആറു ഫോണുകളില് അഞ്ചെണ്ണം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോണ് ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം ഹാജരാക്കാൻ ആവശ്യപ്പെട്ട ഏഴ് ഫോണുകളിൽ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയതെന്ന് വാദം ആരംഭിച്ച ഉടനെ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഹാജരാക്കാത്ത ഫോൺ കൈവശമില്ലെന്നാണ് പ്രതികൾ പറയുന്നത്. എന്നാല് ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിന് തെളിവുകളുണ്ട്. 2021 ജനുവരി മുതൽ ആഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണിൽ നിന്ന് 12000ലധികം കോളുകള് വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു. തുടർന്ന് രജിസ്ട്രാര് ജനറലിന് സമർപ്പിച്ച ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാൻ അന്വേഷണ സംഘത്തോട് കോടതി നിർദേശിക്കുകയായിരുന്നു.
കേസിൽ പ്രതി ദിലീപിനെ കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന് പറഞ്ഞു. അതിനാല് മുന്കൂര് ജാമ്യം അനുവദിക്കരുതെന്നും മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്തുകൊണ്ട് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് ടിഎ ഷാജി ആവര്ത്തിച്ചു.