Also Read:
ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റൽ സർവകലാശാല വികസിപ്പിക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ വാഗ്ദാനം. രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഈ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടാം. ഭാഷ തടസമാകാതിരിക്കാൻ വിവിധ ഇന്ത്യൻ ഭാഷകളിൽ കോഴ്സുകൾ ഒരുക്കും. നിലവിലുള്ള സർവകലാശാലകളോട് സഹകരിക്കും. നെറ്റ്വർക്ക് അടിസ്ഥാനമാക്കിയുള്ള ഹബ് ആന്റ് സ്പോക്ക് മാതൃകയാണ് ഡിജിറ്റൽ സർവകലാശാലയ്ക്ക് ഉപയോഗിക്കുക. എന്നാൽ ഒരു വർഷം മുമ്പേ കേരളം ‘ഡിജിറ്റൽ യൂണിവേഴ്സിറ്റി’ എന്ന ആശയം നടപ്പാക്കിയിരുന്നു.
ഉന്നത പഠനത്തിന്‍റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിച്ചത്. സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്‍റ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്‍റ് ലിബറല്‍ ആര്‍ട്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ വിജ്ഞാന സ്കൂളുകള്‍ ആരംഭിച്ചു. ഓരോ സ്കൂളും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, ഹ്യൂമാനിറ്റീസ് എന്നിവയില്‍ മാസ്റ്റര്‍ ലെവല്‍ പ്രോഗ്രാമുകള്‍ എന്നിവയാണ് കേരളത്തിന്റെ ഡിജിറ്റൽ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നത് ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ മേഖലകളില്‍ ഡിജിറ്റല്‍ മികവ് കൈവരിക്കാനുള്ള ശ്രമത്തിലാണ് കേരളം. പുതിയ ലോകത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി സാങ്കേതികമായി കഴിവുള്ളവരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ആഗോള നിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് രൂപം കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.