കേരളവർമ കോളേജിലെ മലയാളം അധ്യാപകനായ ടി ആർ ശിവശങ്കരനെയാണ് എനിക്ക് പരിചയം. അതിനുമുമ്പുള്ള ശിവശങ്കരൻ മാഷിനെ പിന്നീട് അറിയാൻ തുടങ്ങി. അപ്പോഴാണ് പ്രീഡിഗ്രി ക്ലാസിൽ ഇടശേരിയുടെ ‘പുത്തൻകലവും അരിവാളും, പൂതപ്പാട്ടും’ വിവരിക്കുന്ന അദ്ദേഹം എന്റെ പ്രിയപ്പെട്ട അധ്യാപകനായി മാറുന്നത്. ആ സ്നേഹബന്ധം അന്ത്യംവരെ തുടരാനുള്ള അവസരവും ഉണ്ടായി. ക്യാൻസർ ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട സമയത്തും ഞങ്ങൾ തമ്മിൽ വാട്സ് ആപ്പ് വിനിമയം നടന്നിരുന്നു. എന്റെ കഥ വായിച്ചു. നന്നായിട്ടുണ്ട് എന്നുംപറഞ്ഞു. സുഖമായില്ലേ എന്നും തിരക്കി. ‘ട്രീറ്റ്മെന്റ് ഈ മാസം മുഴുവനും വേണം.’ ഇങ്ങനെയായിരുന്നു മാഷ് ഒടുക്കം എനിക്കയച്ച സന്ദേശം.
വിളിച്ചാൽ ഫോണെടുക്കാതായി. കാവുമ്പായി ബാലകൃഷ്ണനോട് തിരക്കിയപ്പോൾ രോഗാവസ്ഥയുടെ കാഠിന്യം മനസ്സിലാക്കി. കീമോ തെറാപ്പിക്കായി എറണാകുളത്ത് ആണ്. ഏതാണ്ട് സംസാരശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐക്കാർ അനുഭവിച്ച തീവ്രദുരിതങ്ങളെപ്പറ്റിയും വേദനകളെപറ്റിയും സൈമൺ ബ്രിട്ടോ ‘മഹാരാജാസ്-അഭിമന്യൂ ജീവിതക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ആ പുസ്തകം തയ്യാറാക്കുന്ന വേളയിൽ ഒരുദിവസം സാഹിത്യ അക്കാദമിയിൽ സൈമൺ ബ്രിട്ടോയും ശിവശങ്കരൻമാഷും ഞാനും സംസാരിച്ചിട്ടുണ്ട്.
അടിയന്തരവസ്ഥക്കാലത്ത് ശിവശങ്കരൻമാഷ് എംഎ വിദ്യാർഥി, എസ്എഫ്ഐ നേതാവ്. അന്ന് മാഗസിൻ എഡിറ്ററായി ചരിത്രം സൃഷ്ടിച്ചു. കേരളത്തിൽ ആദ്യമായി ഒരു വിദ്യാർഥി യൂണിയൻ മാഗസിൻ നിരോധിച്ചത് അന്നാണ്. അക്കാലത്ത് മഹാരാജാസ് കോളേജിലെ എസ്എഫ്ഐക്കാർ ബെർട്രോൾഡ് ബ്രെഹ്തിന്റെ കവിത തർജമ ചെയ്ത് അച്ചടിച്ച് പ്രചരിപ്പിച്ചു. ‘ആര് ഈ നോട്ടീസ് വിതരണം ചെയ്യും എന്നായി. നേതൃത്വം ശിവശങ്കരൻ ഏറ്റെടുത്തു എന്ന് സൈമൺ ബ്രിട്ടോ. പൊലീസും കെഎസ്യുകാരും പാലാ ജോണും ചേർന്ന് ശിവശങ്കരനെ വളഞ്ഞു. എസ്ഐ ജോസ്, ശിവശങ്കരനെ വിലങ്ങുവച്ച് പൊലീസ് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് കൊടിയമർദനവും-ബ്രിട്ടോ പറഞ്ഞു.
അധ്യാപക-വിദ്യാർഥിബന്ധത്തിൽ സവിശേഷമായ മാനങ്ങൾ സൃഷ്ടിച്ചു അദ്ദേഹം. കൃത്യസമയത്ത് ക്ലാസ് എടുക്കുന്നതിലുള്ള നിഷ്ഠ, സിലബസ് ആവശ്യമായ സമയമെടുത്ത് തീർക്കുന്നതിലുള്ള ജാഗ്രത. സൗമ്യമായ പെരുമാറ്റം. സാഹിത്യഗന്ധിയായ അപഗ്രഥനാപാടവം എന്നിവയെല്ലാം ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു ടിആർഎസിന്റേത്.
(സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസറാണ് ലേഖകൻ)