എഴുകോൺ> തേവലപ്പുറം പടിഞ്ഞാറ് മാമച്ചൻകാവ് വിളയിൽ വീട്ടിൽ (സ്നേഹാലയത്തിൽ) ഫിലിപ്പ് ഡാനിയലിന്റെ വീട്ടിൽ തിങ്കളാഴ്ച സന്ദർശകരുടെ തിരക്കായിരുന്നു. ഫിലിപ്പിന്റെ വളർത്തുകോഴി ഇട്ട മുട്ട കാണാനാണ് ആളുകൾ എത്തിയത്. സാധാരണയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള മുട്ടയാണ് ഫിലിപ്പിന്റെ കോഴിയിട്ടത്.
മീനും പച്ചക്കറിയും വാഴയുമൊക്കെ കൃഷിചെയ്യുന്ന ഫിലിപ്പ് 35 കോഴികളെയും വളർത്തുന്നുണ്ട്. കൈതക്കോട്ടുള്ള ഒരു ഫാമിനിന്നാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. പതിവുപോലെ തിങ്കൾ രാവിലെയും മുട്ടകൾ എടുക്കാൻ കൂട്ടിൽ എത്തിയപ്പോഴാണ് അസാധാരണ വലിപ്പമുള്ള മുട്ട ഫിലിപ്പ് കണ്ടത്. 200 ഗ്രാം തൂക്കമുള്ളതാണ് മുട്ട. ഞെട്ടുന്ന വലിപ്പത്തിൽ മുട്ടയിട്ട കോഴിയെ ഫിലിപ്പ് ഇപ്പോൾ പ്രത്യേകം പാർപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഫിലിപ്പ് 2008ൽ ആണ് നാട്ടിലെത്തി കൃഷി ആരംഭിച്ചത്.