തിരുവനന്തപുരം > തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്ട്രോക്ക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കാത്ത്ലാബിന് 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്ലാബാണിത്. ഡിഎസ്എ ഉള്‍പ്പെടെയുള്ള റേഡിയോളജിക്കല്‍ വാസ്കുലാര്‍ ആന്‍ജിയോഗ്രാഫി സിസ്റ്റമാണ് കാത്ത്ലാബില് സജ്ജമാക്കുന്നത്. തലച്ചോറിലെ രക്തക്കുഴലുകള്‍ കാണാനും കട്ടപിടിച്ച രക്തം നീക്കം ചെയ്യാനും സാധിക്കും. കാത്ത്ലാബിനായി നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നാണ് സ്ട്രോക്ക് സെന്റര്‍ സജ്ജമാക്കുന്നത്. സ്ട്രോക്ക് ചികിത്സയ്ക്കാവശ്യമായ ഐസിയു, കാത്ത്ലാബ്, സി ടി ആന്‍ജിയോഗ്രാം എന്നിവയുള്‍പ്പെടുന്നതാണ് സമഗ്ര സ്ട്രോക്ക് സെന്റര്‍. അടിസ്ഥാന സൗകര്യ വികസനത്തിന് 2.25 കോടി, കാത്ത്ലാബിന് 5.16 കോടി, ന്യൂറോ ഐസിയുവിന് 97 ലക്ഷം, സി ടി ആന്‍ജിയോഗ്രാമിന് 4.4 കോടി എന്നിങ്ങനെ 12.78 കോടി രൂപയാണ് ആകെ അനുവദിച്ചത്. പുതിയ സ്ട്രോക്ക് സെന്റര്‍ അത്യാഹിത വിഭാഗത്തിനടുത്തായതിനാല്‍ വളരെ പെട്ടെന്ന് രോഗികളെ സ്ട്രോക്ക് സെന്ററിലേക്ക് മാറ്റി ചികിത്സ നല്‍കാനാകും.
പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കുന്ന സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്ഥാപിച്ച് വരികയാണ്. ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.