കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ദിലീപ് അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവുന്നില്ല. തെളിവിന് വേണ്ടി കോടതി മുൻപാകെ വന്ന് ഇരക്കേണ്ട അവസ്ഥയാണ് പ്രോസിക്യൂഷനുള്ളത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. അതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യം അനുവദിക്കരുത്.
ഫോണുകൾ മുംബൈയിലയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ദിലീപിന്റെ ആവശ്യം കേട്ടുകേൾവി ഇല്ലാത്തതാണ്. ഒരു കേസിലുംആർക്കും ഇത്തരം ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. ദിലീപിന് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. ഒരു പ്രതിക്കും ഇത്രയധികം പ്രിവിലേജ് കിട്ടിയിട്ടില്ല. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ട്. ഏഴ് ഫോണിന്റെ കാര്യമാണ് ദിലീപ് ആദ്യം പറഞ്ഞത്. എന്നാൽ ഏഴിൽ കൂടുതൽ ഫോണുകൾ ഉണ്ടാവാം. ഫോണുകൾ മുംബൈയിലേക്ക് അയച്ചത് തന്നെ അന്വേഷണം അട്ടിമറിക്കാനാണ്. ഫോണിന്റെ വിവരങ്ങൾ തന്നത് പ്രതിയല്ല. ഫോൺ വിവരങ്ങൾ സിഡിആർ, ഐഎംഇ രേഖകൾ വെച്ച് അന്വേഷണ സംഘം കണ്ടുപിടിച്ചതാണ്. ദിലീപ് ഫോണുകൾ മാറ്റിയത്. നിസ്സഹകരണമായി കണക്കാക്കാം. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
അതേസമയം കേസന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള കോടതിയെ അറിയിച്ചു. കെട്ടിച്ചമച്ച കേസാണ് ദിലീപിനെതിരേ ഉള്ളത്. ദിലീപിന്റെ വീട്ടിലെ സകല പുരുഷന്മാരേയും കേസിൽ പ്രതിചേർത്തു. അദ്ദേഹത്തിന്റെ വീട്ടിൽ ഇനി 84 വയസ്സുള്ള അമ്മയും സ്ത്രീകളും മാത്രമാണ് കേസിലുൾപ്പെടുത്താനുള്ളത് തുടങ്ങിയ കാര്യങ്ങളാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
കോടതി ആവശ്യപ്പെട്ടത് പ്രകാരമുള്ള ആറ് ഫോണുകൾ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ദിലീപിന്റെ മൂന്ന് മൊബൈൽ ഫോണും സഹോദരൻ അനൂപിന്റെ രണ്ട് ഫോണും സഹോദരീഭർത്താവ് സൂരജിന്റെ ഒരു ഫോണും തിങ്കളാഴ്ച 10.15-നുമുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപാകെ ഹാജരാക്കണമെന്നായിരുന്നു കോടതി നിർദേശം. പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയിലാണ് ആറ് ഫോണുകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
പ്രോസിക്യൂഷൻ എഴുതി നൽകിയതിലെ 2,3,4 ക്രമനമ്പറുകളിലെ ഫോണുകളാണ് കൈമാറിയത് ഒന്നാം നമ്പറിൽ പറയുന്ന നാലാമത്തെ ഐ ഫോൺ ഏതാണെന്ന് തനിക്കറിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
Content Highlights : Conspiracy Case; Actor Dileeps bail hearing has been postponed to Thursday