തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിനെതിരേ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി. ലോയേഴ്സ് കോൺഗ്രസ് ആണ് ഹർജി ഫയൽ ചെയ്തത്. കെടി ജലീലിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹർജി. ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹർജി നൽകിയിരിക്കുന്നത്.
ലോകായുക്തയെ മനപൂർവം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെടി ജലീലിന്റെ പോസ്റ്റ്. കെടി ജലീൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് നിയമപരമായ തെളിവുകളില്ല. ജലീലിനെതിരേ കോടതിയലക്ഷ്യം ചുമത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. നിയമനടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്കും കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞദിവസമാണ് ലോകായുക്തയെ കടന്നാക്രമിച്ച് കെടി ജലീൽ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്. തക്കപ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നും കെടി ജലീൽ ആരോപിക്കുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ ആരോപണം. പിന്നാട് പോസ്റ്റ് ചെയ്ത കുറിപ്പിൽ
ലോകായുക്ത ജസ്റ്റിസിനെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകളും ജലീൽ പുറത്തുവിട്ടിരുന്നു.
എം.ജി സർവകലാശാല വി.സിയായി ഡോ.ജാൻസി ജെയിംസിന്റെ നിയമനത്തിന് വേണ്ടി പ്രമാദമായ കേസിൽ നിന്ന് കോൺഗ്രസ് നേതാവിനെ രക്ഷപ്പെടുത്തിയെന്ന ആരോപണം സാധൂകരിക്കുന്നതിനായി 2005ലെ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ കേസിന്റെ വിധിപകർപ്പും അതുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന എംജി സർവകലാശാലയിലെ വി.സി നിയമനത്തിന്റെ രേഖയും ജലീൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.
പിന്നീട് 2013ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി സിറിയക് ജോസഫിനെ നിയമിക്കുന്നതിൽ അന്ന് ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജെയ്റ്റിലിയും എഴുതിയ വിയോജന കുറിപ്പിന്റെ മലയാളം തർജമയും ജലീൽ പങ്കുവെച്ചിരുന്നു.
തനിക്കെതിരായ കേസിൽ അസാധാരണ വേഗത്തിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ് വിധി പറഞ്ഞതെന്ന് ജലീൽ ആരോപിച്ചു. പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വിധി പറഞ്ഞു. വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചുവെന്നും കെ.ടി ജലീൽ പരിഹസിച്ചു.
ലോകായുക്തയ്ക്കെതിരേയുള്ള വിമർശനം വസ്തുതാപരമാണെന്നും അതിന്റെ പേരിൽ തൂക്കിലേറ്റപ്പെടാനും തയ്യാറാണെന്നായിരുന്നു ഈ വിഷയത്തിലെ ജലീലിന്റെ ഏറ്റവും ഒടുവിലത്തെ ഫെയ്സ്ബുക്ക് പ്രതികരണം.
ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന വിധിന്യായം പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ലോകായുക്തയായി ഇരിക്കുമ്പോഴാണ്. ലോകായുക്തയുടെ അധികാരം ദുർബലപ്പെടുത്തുന്ന ഭേദഗതികളോടെ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് വിവാദമായിരിക്കുന്ന ഘട്ടത്തിലാണ് ജലീൽ ആരോപണവുമായി രംഗത്തുവരുന്നത്.
Content Highlights : Contempt of court plea against KT Jaleel on allegations against Lokayukta