കോട്ടയം: എം.ജി. സർവകലാശാല കൈക്കൂലി കേസിൽ രണ്ട് ജീവനക്കാരെ സ്ഥലംമാറ്റി. സെക്ഷൻ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറേയുമാണ് സ്ഥലംമാറ്റിയത്. കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റം.
കൈക്കൂലി കേസിൽ ആരോപണ വിധേയയായ അസിസ്റ്റൻഡ്എൽസിയുടെ നിയമനത്തിൽ വീഴ്ചയില്ലെന്ന് സർവകലാശാലാ വി.സി സാബു തോമസ് വ്യക്തമാക്കി. കേസിൽ സമഗ്ര അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സാബു തോമസ് വ്യക്തമാക്കി.
രണ്ട് ദിവസം മുൻപാണ് എം.ബി.എ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് എൽസിയെ വിജിലൻസ് സംഘം പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി ഇവർ ആവശ്യപ്പെട്ടത്.
ഇതിനിടെ, എൽസിയുടെ യോഗ്യത സംബന്ധിച്ചും നിയമനം സംബന്ധിച്ചും ആരോപണം ഉയർന്നിരുന്നു.2010 ൽ പ്യൂൺ തസ്തികയിലാണ് എൽസി സർവകലാശാലയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇവർ എസ്.എസ്.എൽ.സി പോലും പാസായിരുന്നില്ല. എന്നാൽ 2016 ൽ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവർ എസ്.എസ്.എൽ.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയിൽ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.
2017ൽ അസിസ്റ്റന്റായി ജോലിക്ക് പ്രവേശിക്കുമ്പോൾ വേണ്ടുന്ന യോഗ്യതകളെല്ലാം ഇവർക്കുണ്ടായിരുന്നു. ഇതിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.