കോഴിക്കോട്: ലോകായുക്തയ്ക്കെതിരെ വിമർശനവുമായി വീണ്ടും കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
തനിക്കെതിരായ കേസിൽ അസാധാരണ വേഗത്തിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ് വിധി പറഞ്ഞതെന്ന് ജലീൽ ആരോപിച്ചു. പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വിധി പറഞ്ഞു. വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചുവെന്നും കെ.ടി ജലീൽ പരിഹസിക്കുന്നു.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല- ജലീൽ കുറിച്ചു.
ജസ്റ്റിസ് സിറിയക് ജോസഫിനെ പരോക്ഷമായി ലക്ഷ്യം വെച്ചുകൊണ്ട്നേരത്തെയും ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. മുമ്പ് യു.ഡി.എഫ്. നേതാവിനെ പ്രമാദമായ ഒരു കേസിൽനിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദരഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ എന്നാണ് പേരെടുത്തുപറയാതെ ജലീൽ വിശേഷിപ്പിച്ചിരുന്നത്. ഈ ഏമാൻ തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയും ആർക്കുവേണ്ടിയും ചെയ്യുമെന്നും ജലീൽ ആരോപിച്ചിരുന്നു.
ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന വിധിന്യായം പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ലോകായുക്തയായി ഇരിക്കുമ്പോഴാണ്. ലോകായുക്തയുടെ അധികാരം ദുർബലപ്പെടുത്തുന്ന ഭേദഗതികളോടെ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് വിവാദമായിരിക്കുന്ന ഘട്ടത്തിലാണ് ജലീൽ ആരോപണവുമായി രംഗത്തുവരുന്നത്.
Content Highlights: KT Jaleels Facebook post against Lokayukta