കൊച്ചി: മന്ത്രിസഭയുടെയും ഭരണ നേതൃത്വത്തിന്റെയുംതലപ്പത്ത് എന്തോ ചീഞ്ഞുനാറുന്നു എന്ന് വ്യക്തമായ സൂചന നൽകുന്നതാണ് ലോകായുക്തയുടെ പേരിൽ ഇപ്പോൾ പൊട്ടിയൊഴുകുന്ന ദുർഗന്ധമെന്ന് കോൺഗ്രസ് നേതാവ് കെ ബാബു.ലോകായുക്തയെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മനസ്സിൽ സംശയങ്ങൾ സൃഷ്ടിച്ചതിന്റെ പിന്നിലെ കരം ഏതെന്നും ഇപ്പോൾ മനസ്സിലായി. അതോ മുഖ്യമന്ത്രി വാടകയ്ക്കെടുത്ത നാവാണോ ജലീൽ ? ജലീലിന്റെ മന്ത്രിസ്ഥാനം തെറിച്ചത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെയും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദിന്റെയും സുപ്രധാന വിധിയിലൂടെയാണ്. അതിനുള്ള പ്രതികാരം ആകാം ജലീലിന്റെ ഈ ആക്രമണം.
എൽഡിഎഫ് ഭരണത്തിലെ ട്രോജൻ കുതിരയാണ് ജലീൽ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ പക അദ്ദേഹത്തിന് ഇപ്പോഴും തീർന്നിട്ടില്ല. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭരണത്തിലെ മാഗ്ന കാർട്ട എന്ന് അവർ വിശേഷിപ്പിച്ചിരുന്ന ലോകായുക്ത നിയമം ഇപ്പോൾ പരിശുദ്ധിയോ ദീർഘവീക്ഷണമോ ഇല്ലാത്തതെന്ന് വരുത്തിതീർക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ജലീൽ മലർന്നു കിടന്നു തുപ്പുന്ന പ്രസ്താവനയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇത് ജൂഡാസിന്റെ ചുംബനം ആണോ എന്ന് കണ്ടറിയണം.
സി.പി.എം കുടികിടപ്പുകാരനായതു കൊണ്ടായിരിക്കും ലോകായുക്ത യായി റിട്ട. ജസ്റ്റിസ് സിറിയക് ജോസഫിനെ നിർദേശിച്ചത് മുഖ്യമന്ത്രി ശ്രീ. പിണറായി ആണെന്ന് ജലീൽ അറിയാതെ പോയതാണോ എന്ന് കെ.ബാബു ചോദിച്ചു.
Content Highlights: k babu against kt jaleel in lokayukta ordinance issue