ചേർത്തല
പൊതുമേഖല സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി വാഗ്ദാനംചെയ്ത് വൻ തട്ടിപ്പ് നടത്തിയ കേസിൽ കോൺഗ്രസ് നേതാവിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ മകളും ഇടനിലക്കാരനും പിടിയിൽ. തിരുവനന്തപുരം ജെഎം അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നമ്പർ രണ്ട് ഡി യിൽ ഇന്ദു(സാറ––35), ചേർത്തല നഗരസഭ 34–-ാം വാർഡിൽ മന്നനാട്ട് ശ്രീകുമാർ(53) എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്.
ആർഎസ്എസ് നേതാവാണ് ശ്രീകുമാർ. കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വാസുദേവൻനായരുടെ മകളാണ് ഇന്ദു. തട്ടിപ്പിനിരയായ 38 പേരുടെ പരാതിയാണ് ചേർത്തല പൊലീസിന് ലഭിച്ചത്. ഒരുകോടിയോളം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി.
ആലപ്പുഴ കലവൂർ സ്വദേശിയെ വിവാഹം കഴിച്ച ഇന്ദുവാണ് ആലപ്പുഴയിൽ നിരവധിപേരെ കബളിപ്പിച്ച തട്ടിപ്പിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതി റിമാൻഡ്ചെയ്തു. ഇന്ദുവുമായി അടുത്ത ബന്ധമുളളയാളാണ് ചേർത്തല സ്വദേശി ശ്രീകുമാർ. ആർഎസ്എസ് നേതാവായ ഇയാൾ മുഖേനയാണ് തട്ടിപ്പിന് ഇരകളെ കണ്ടെത്തിയത്. കമീഷൻ വ്യവസ്ഥയിലായിരുന്നു ഇടപാട്.
പിടിയിലാകുമെന്ന് വന്നതോടെ ശ്രീകുമാറാണ് വഞ്ചന ആരോപിച്ച് പൊലീസിൽ ആദ്യം പരാതിപ്പെട്ടത്. മക്കൾക്ക് ജോലി നൽകാമെന്ന് വാഗ്ദാനംചെയ്ത് 5.15 ലക്ഷം തട്ടിയെന്നായിരുന്നു പരാതി. ഇന്ദുവിനെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ശ്രീകുമാർ തട്ടിപ്പിൽ പങ്കാളിയെന്ന് തെളിഞ്ഞത്. ആർഎസ്എസ് സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ ഇരകളെ കണ്ടെത്തിയത്. സംഘപരിവാറുകാരാണ് പരാതിക്കാരിലേറെയും. കോടതി ശ്രീകുമാറിനെ ജാമ്യത്തിൽവിട്ടു.
പൊതുമേഖലാ സ്ഥാപനമായ ഹോംകോയിലെയും മാനേജ്മെന്റ് സ്കൂളുകളിലെയും വ്യാജ ലെറ്റർപാഡുകളിൽ നിയമനരേഖ തയ്യാറാക്കിയും ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ മെയിൽ വിലാസം സൃഷ്ടിച്ചും ഇടപാടുകാരെ വിശ്വാസത്തിലെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ സമാനമായ രണ്ട് കേസുകളിൽ പ്രതിയാണ് ഇന്ദു. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ ഒമ്പത് പേരിൽനിന്ന് 18 ലക്ഷം തട്ടിയെന്ന പരാതിയും എത്തി. ഇവരുടെ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കുമെന്നാണ് വിവരം.