തിരുവനന്തപുരം
ലോകായുക്ത ഭേദഗതിയുടെ പേരു പറഞ്ഞ് ‘പരിശുദ്ധർ’ ചമയുന്ന കോൺഗ്രസ് നേതാക്കൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത് അഴിമതിയുടെ ചളിക്കുണ്ടിൽ താണ സ്വന്തം പാരമ്പര്യം. ദേശീയനേതാക്കൾമുതൽ ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച കാഞ്ഞിരംകുളത്ത് പബ്ലിക് ലൈബ്രറിയിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവുവരെ കോൺഗ്രസ് അഴിമതിയുടെ ചരിത്രം വിളിച്ചുപറഞ്ഞു. ഏറ്റവും ഒടുവിലത്തെ കോൺഗ്രസ് സർക്കാരായ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഏത് മന്ത്രിക്കെതിരെയാണ് അഴിമതിക്കേസ് ഇല്ലാത്തത് എന്നാണ് അന്വേഷിക്കേണ്ടത്. ആ അഴിമതിനിരയുടെ ഒടുവിലത്തെ കണ്ണികളായ നേതാക്കളാണ് എൽഡിഎഫ് സർക്കാരിനെതിരെ സീതാറാം യെച്ചൂരിക്ക് കത്തയച്ചിരിക്കുന്നത്.
ലോകായുക്തകളെ പിച്ചിച്ചീന്തിയ ചരിത്രവും കോൺഗ്രസിന് സ്വന്തം. ജനത സർക്കാർ ആദ്യമായി ലോകായുക്ത കൊണ്ടുവന്ന കർണാടകത്തിൽ അതിനെ വെറും ഗുമസ്ത ഓഫീസാക്കി മാറ്റി. ആദ്യം മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം നിയമഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. അപ്പോഴും അഴിമതിക്കെതിരെ നടപടിയെടുക്കാൻ കഴിയുമായിരുന്ന ലോകായുക്തയുടെ കൈയും കാലും വെട്ടിയത് സിദ്ധരാമയ്യ നയിച്ച കോൺഗ്രസ് സർക്കാരാണ്. അഴിമതിക്കേസുകളിൽ സ്വയം കേസെടുക്കാൻ അധികാരമുണ്ടായിരുന്ന ലോകായുക്ത പൊലീസിനെ നിർവീര്യമാക്കി സ്വന്തംവകുപ്പിന്റെ കീഴിൽ ആന്റി കറപ്ഷൻ ബ്യൂറോ (എബിസി) കൊണ്ടുവന്നു. 2016ൽ കൊണ്ടുവന്ന ഈ പരിഷ്കാരത്തിന്റെ ഫലമായി അഴിമതിക്കേസിൽ കുരുങ്ങിയ കോൺഗ്രസ് മന്ത്രിമാർ മാത്രമല്ല രക്ഷപ്പെട്ടത്. ബിജെപി മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്ക്കെതിരെ ലോകായുക്ത എടുത്ത അഴിമതിക്കേസും ദുർബലമായി. അത് വലിയ വിവാദവും ചർച്ചയുമായിരുന്നു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും നൽകിയ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ലോകായുക്ത പൊലീസിന് പഴയ അധികാരം കൊടുക്കുമെന്നായിരുന്നു. ബിജെപി വന്നെങ്കിലും ഇപ്പോഴും അവിടത്തെ ലോകായുക്ത പല്ലുകൊഴിഞ്ഞ സിംഹം. പഞ്ചാബിലും കോൺഗ്രസ് ലോകായുക്തയെ നിയമഭേദഗതിയിലൂടെ നിർവീര്യമാക്കി. ഇക്കാര്യങ്ങൾ ശരിയായ നിലപാടാണോ എന്ന് സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു വി ഡി സതീശൻ ചെയ്യേണ്ടിയിരുന്നത്.