അവർ വേങ്ങരയിൽ പോയെന്ന കാര്യം എന്റെ മെസേജിൽ കിടപ്പുണ്ട്. അനൂപിന്റെ ഫോൺ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ആർക്കുവേണ്ടി, എന്തിനുവേണ്ടി പണം കൊടുത്തെന്ന് ഫോൺ പരിശോധിക്കുമ്പോൾ അറിയാം. എനിക്ക് അറിയാവുന്നതും തെളിവുള്ളതുമായ കാര്യങ്ങളാണ് താൻ പറയുന്നതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
ജയിലിൽ കിടക്കുന്ന സമയത്ത് അനിയനും അളിയനും ചേർന്നാണ് നേതാവിനെ കണ്ടത്. കേസിൽ സ്വാധീനം ചെലുത്താനാണ് നേതാവിന് പണം നൽകിയത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ദിലീപും കാവ്യയും മറ്റൊരാളുംകൂടി വേങ്ങരയിൽ പോയി. ആ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ നേതാവിന്റെ വീട്ടിലേക്ക് അവർ പോകുകയും അവിടേക്ക് സംസ്ഥാനത്ത് എല്ലാവരും ആരാധിക്കുന്ന നേതാവ് വരികയും പണം വാങ്ങുകയും ചെയ്തു. അവരെല്ലാവരുംകൂടി അന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
അന്വേഷണം ഇത്രയും നീളുമ്പോഴും കാവ്യയുടെ ഫോണിൽ നിന്നും പോയ കോളുകളുടെ കാര്യം ആരും പറയുന്നില്ല. ഈ നേതാവ് അടക്കം എല്ലാവരും ബന്ധപ്പെട്ടത് കാവ്യയുടെ ഫോൺ വഴിയാണ്. നേതാവിനൊപ്പം ദിലീപും കാവ്യയും എടുത്ത ഫോട്ടോ വൈകാതെ പരസ്യപ്പെടുത്തുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
കാവ്യയെ മാറ്റിനിർത്തി ഈ അന്വേഷണം പൂർത്തിയാക്കാൻ കഴിയില്ല. അവർ കൊടുത്തെന്നു പറയുന്ന അൻപത് ലക്ഷം വെറും അഡ്വാൻസ് മാത്രമാണെന്നും ശരിക്കുള്ള തുക ഇതിലും വലുതാണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു. കാവ്യയുടെ ഫോണും ടവർ ലൊക്കേഷനും പരിശോധിച്ചാൽ കൂടിക്കാഴ്ചയുടെ വിവരം സ്ഥിരീകരിക്കാനാകുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.