നിലമ്പൂർ > മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ. പ്രതിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഭർത്താവ് പള്ളിയിൽ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയെ വീടിന്റെ പിൻവാതിലിലൂടെ അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകൾ പതിനേഴുകാരനായ പ്രതി മോഷ്ടിക്കുകയും ചെയ്തു.
വീട്ടമ്മ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെയെ ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്തിലുള്ള സംഘം കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും രാത്രി പത്തുമണിയോടെ പിടികൂടി.
പ്രതി നേരത്തെ കോഴിക്കോട് പന്തീരാങ്കാവിൽ ബൈക്ക് മോഷണ കേസിൽ പിടിയിലായിട്ടുണ്ട്. മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകളിൽ ഒരെണ്ണം മഞ്ചേരിയിലെ മൊബൈൽ ഷോപ്പിലും മറ്റൊരെണ്ണം കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി പ്രതി മൊഴി നൽകി. വീട്ടമ്മയ്ക്ക് തോള് എല്ലിനും തലയോട്ടിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ തെളിവെടുപ്പിന് ശേഷം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കി.